‘എന്റെ കേരളം’ആഘോഷദിനങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsകൊല്ലം: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ആശ്രാമം മൈതാനിയിൽ ഒരുക്കുന്ന ‘എന്റെ കേരളം’പ്രദര്‍ശന വിപണനമേളക്ക് ഒരുക്കം പൂർണം.
വൈകിട്ട് നാലിന് സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തുനിന്ന് വര്‍ണാഭമായ ഘോഷയാത്രയോടെ തുടക്കമാകും. 4.30ന് പ്രദര്‍ശന നഗരിയിലെ സ്ഥിരം വേദിയില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും.
‘യുവതയുടെ കേരളം, കേരളം ഒന്നാമത്’എന്ന പ്രമേയത്തിലെത്തുന്ന മേളയിലൂടെ സര്‍ക്കാറിന്റെ വികസന-ജനക്ഷേമ-സേവന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മേയർ പ്രസന്ന ഏണസ്റ്റ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രവേശനം സൗജന്യമാണ്.
രുചിവൈവിധ്യമൊരുക്കി ഫുഡ് കോർട്ടും കലാവിരുന്നും വിവിധ വിഷയങ്ങളിൽ സെമിനാറുകളും മേളയിൽ അരങ്ങേറും. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് മേള. 42000 ചതുരശ്ര അടിയില്‍, ശീതീകരിച്ച 200 ലധികം സ്റ്റാളുകളുണ്ട്. സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും സേവനങ്ങളും 80 സ്റ്റാളുകളില്‍ അവതരിപ്പിക്കുന്നു.
131 കമേഴ്സ്യല്‍ സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉൽപന്നപ്രദര്ശനവും ന്യായവിലക്കുള്ള വില്പനയും നടത്തും.
കൃഷി-മൃഗ സംരക്ഷണം, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എക്സൈസ്, ആരോഗ്യം തുടങ്ങി 44 വകുപ്പുകളുടെ പ്രത്യേക പ്രദര്‍ശനവുമുണ്ട്. യുവജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ കേന്ദ്രീകരിച്ച യൂത്ത് സെഗ്മെന്റാണ് മറ്റൊരു പ്രത്യേകത.
വേറിട്ട രുചികളുമായി കുടുംബശ്രീ നേതൃത്വം നല്കുന്ന ഫുഡ്കോര്‍ട്ടും മുഖ്യ ആകര്‍ഷകമാകും. കേരളം ഒന്നാമത് പ്രദര്‍ശനം, കിഫ്ബി വികസന പ്രദര്‍ശനം, ടൂറിസം പവലിയന്, ബി.ടു.ബി മീറ്റ്, സെമിനാറുകള്‍, അമ്യൂസ്മെന്റ് ഏരിയ, ഡോഗ് ഷോ, 360 ഡിഗ്രി സെല്‍ഫി ബൂത്ത്, സ്പോര്‍ട്സ് ഏരിയ, തത്സമയ മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, ആക്ടിവിറ്റി കോര്‍ണറുകള്‍ എന്നിവയും നടക്കും.
24 വരെ എല്ലാ വൈകുന്നേരങ്ങളിലും വൈകിട്ട് ആറ് മുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. വ്യാഴാഴ്ച വൈകിട്ട് ആറിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് അവതരിപ്പിക്കുന്ന മിമിക്രിയും ഏഴിന് തകര ദി ലൈവ് മ്യൂസിക് ബാന്റിന്റെ സംഗീത നിശയും അരങ്ങേറും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകിട്ട് മൂന്നിന് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘മാലിന്യ സംസ്കരണം -സാധ്യതകളും വെല്ലുവിളികളും’വിഷയത്തിൽ നടക്കുന്ന സെമിനാർ ഹോര്‍ട്ടികോർപ് ചെയര്മാന് എസ്. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനം 24ന് വൈകിട്ട് അഞ്ചിന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ഹസൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ പി.ആർ. സാബു എന്നിവരും പങ്കെടുത്തു.
സൗജന്യ സേവനങ്ങള്‍
മേളയിൽ ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍: ആധാര്‍ ബയോമെട്രിക്, ഡെമോഗ്രാഫിക് അപ്ഡേഷന്, ആധാര്‍ കാര്‍ഡ് പ്രിന്റിങ്, ആധാര്‍ എൻറോള്‍മെന്റ്, ബയോമെട്രിക് മസ്റ്ററിങ്, പ്രമേഹം, ബി.പി, ഹീമോ ഗ്ലോബിന് പരിശോധന, ഒ.പി രജിസ്ട്രേഷന് കൗണ്ടര്‍ (ഹോമിയോ), അനീമിയ പരിശോധന.
മണ്ണ് പരിശോധന, കുടിവെള്ളം ഗുണനിലവാര പരിശോധന, പാരന്റിങ്- ന്യൂട്രീഷ്യന്‍ കൗണ്‍സിലിങ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കലും, തൊഴില്‍ മേള, ജോബ് പോര്‍ട്ടല്‍ രജിസ്ട്രേഷന്, വൈ.ഐ.പി 5.0 സ്പോട്ട് രജിസ്ട്രേഷന് തുടങ്ങിയ ഒട്ടേറെ സേവനങ്ങള്‍ സൗജന്യമാണ്.
വിള ആരോഗ്യ പരിപാലന ക്ലിനിക്കും മണ്ണ് പരിശോധനയും മേളയിലൊരുക്കിയിട്ടുണ്ട്. വ്യവസായ വാണിജ്യ വകുപ്പിന്റെ സേവനങ്ങളും ജില്ല വ്യവസായ കേന്ദ്രം വഴി സൗജന്യമായി നൽകും.
ജോബ് ഡ്രൈവ്
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച മുതല്‍ 24 വരെ ജോബ് ഡ്രൈവ് നടക്കും.
സ്ട്രീറ്റ് ക്വിസ്
ക്യാമ്പസുകള്‍, പൊതുയിടങ്ങള്‍ എന്നിവയുള്‍പ്പടെ ഇരുപതോളം കേന്ദ്രങ്ങളില്‍ നടന്ന ക്വിസില്‍ പൊതുജനങ്ങള്‍, യുവാക്കള്‍, വിദ്യര്‍ഥികള്‍ പങ്കാളികളായി. വിജയിച്ചവര്‍ക്ക് ഗിഫ്റ്റ് വൗച്ചറും പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.