എന്റെ കേരളം പ്രദര്‍ശനത്തിന് ഇന്ന് കൊടിയിറക്കം
text_fieldsകൊല്ലം: സേവനങ്ങളുടെയും കാഴ്ചകളുടെയും വിപണിയുടെയും വേദിയൊരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണനമേളക്ക് ബുധനാഴ്ച സമാപനം.
ശീതീകരിച്ച 220 സ്റ്റാളുകളിലായി നടന്ന മേള ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി. ജില്ല വ്യവസായകേന്ദ്രവും കുടുംബശ്രീ ഫുഡ് കോര്‍ണറും വഴി 60 ലക്ഷം രൂപയുടെ വില്പന ഒരാഴ്ചകൊണ്ട് നടത്തി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ വഴി നേരിട്ടുള്ള സേവനവും മാര്‍ഗ നിര്‍ദേശങ്ങളും നൽകി. മണ്ണ് സംരക്ഷണ വകുപ്പ്, ജല വിഭവ വകുപ്പ്, ഹരിതകേരളം മിഷന് തുടങ്ങിയവ നേരിട്ട് മണ്ണും ജലവും പരിശോധിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
തൊഴില്‍ വകുപ്പിന്റെ സ്റ്റാളുകള്‍ വഴി കാര്‍ഡ് പുതുക്കല്‍, തൊഴില്‍ സംരംഭങ്ങള്‍, തൊഴില്‍മേള എന്നിവ നിരവധി പേര് പ്രയോജനപ്പെടുത്തി. ജില്ല മെഡിക്കല്‍ ഓഫിസിന്റെ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റ മാതൃകയിലുള്ള സ്റ്റാളിൽ ദിവസവും 300ല്‍ അധികം പേരാണ് വിവിധ പരിശോധനകള്‍ നടത്തിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടീമും സജ്ജമായിരുന്നു.
പൊലീസ് വകുപ്പിന്റെ ജയില്‍ മാതൃക, ആയുധങ്ങള്‍, സെല്‍ഫ് ഡിഫന്‍സ് പാഠങ്ങള്‍, അഗ്നിരക്ഷാ സേനയുടെ സി.പി.ആര് ഉള്‍പ്പടെയുള്ള പ്രഥമ ശുശ്രുഷ, സുരക്ഷ പാഠങ്ങള്‍, എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവത്കരണം, കിഫ്ബിയുടെ വികസന പ്രദര്‍ശനം എന്നിവ ഏറെ ശ്രദ്ധേയമായി.
ടൂറിസം വകുപ്പിന്റെ സുരങ്കയും മുനിയറയും പി ആര് ഡിയുടെ 360 ഡിഗ്രി സെല്‍ഫി കോര്‍ണറും കൗതുകമായി. മൃഗസംരക്ഷണവകുപ്പിന്റെ ഓമന മൃഗങ്ങളെ കാണാന്‍ തിരക്ക്കൂടി. നാടിന്റെ കാര്‍ഷിക സംസ്കാരം വിളിച്ചോതുന്നതായിരുന്നു കാര്‍ഷികക്ഷേമ വകുപ്പിന്റെ സ്റ്റോള്‍.
ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വതിലുള്ള ബിസിനസ് ടു ബിസിനസ് മീറ്റും സംരംഭകരുടെ വിപണിയും ശ്രദ്ധേയമായി. കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകള്‍, പട്ടികവര്‍ഗ വികസന വകുപ്പ്, ഫിഷറീസ് എന്നിവയുടെ സ്റ്റാളുകളിലും നല്ല വില്പന നടന്നു. കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ, ബി.എസ്.എൻ.എല്‍ എന്നിവയുടെ സേവനങ്ങളും ലഭ്യമായിരുന്നു.
സമാപന സമ്മേളനം വൈകീട്ട് മൂന്നിന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷതവഹിക്കും. വൈകിട്ട് ആറിന് മെന്റലിസ്റ്റ് യദു ഷോയും ഏഴിന് ആല്‍മരം മ്യൂസിക്ക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.