ഇത്തവണയും പൊലീസ് തന്നെ താരം
text_fieldsകൊല്ലം: ചരിത്രശേഷിപ്പ് മുതൽ എ.കെ 47 വരെ, വിരലടയാളത്തിന്റെ രഹസ്യം മുതൽ ട്രങ്ക് കോൾ ടവറുകൾ വരെ... ‘എന്റെ കേരളം’ വേദിയിൽ ഇത്തവണയും കൊല്ലം സിറ്റി-റൂറല്‍ പൊലീസിന്റെ നേതൃത്വത്തിലൊരുങ്ങിയ പൊലീസ് പവലിയൻ തന്നെ താരം.
കേരള പൊലീസിനെ അടിമുടി പരിചയപ്പെടുത്താൻ ചിരിയോടെ സ്വീകരിക്കുന്ന പൊലീസുകാർ കൂടി ചേരുന്നതോടെ കുട്ടികൾ മുതൽ വയോധികർവരെയുള്ള സന്ദർശകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന പവലിയനായി ഇതിനകം ഹിറ്റായിക്കഴിഞ്ഞു.
രാജാവിന്റെ കാലത്തെ പൊലീസ് യൂനിഫോമും ബ്രിട്ടീഷുകാലത്തെ പീരങ്കിയും സ്വാഗതമോതുന്ന കവാടത്തിൽ, കേരള പൊലീസിന്റെ അന്വേഷണ വഴിയിലെ അഭിമാനമായി മാറിയ ഉത്ര വധക്കേസ് ഉൾപ്പെടെയുള്ള കേസുകളുടെ അന്വേഷണവിവരങ്ങൾ എൽ.ഇ.ഡി സ്ക്രീനിൽ ആധുനിക പൊലീസ് മുഖമായി നിറയുന്നതും കാണാം.
‘ഒരിക്കലും അകത്താകാതിരിക്കാന്‍ ഒരിക്കലൊന്ന് അകത്ത് കയറി നോക്കൂ’ എന്ന് സ്വാഗതമോതുന്ന ‘ലോക്കപ്പിൽ’ കയറാനും ഫോട്ടോയെടുക്കാനും തിരക്കോട് തിരക്കാണ്. സി.പി.ഒ മുതൽ ഡി.ജി.പി വരെ സേനയിലെ വിവിധ വിഭാഗം ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന തൊപ്പിയും ചിഹ്നങ്ങളും പരിചയപ്പെടാനും ഒന്ന് തലയിൽചൂടാനും അവസരമുണ്ട്.
മൾട്ടി ഷെൽ ലോഞ്ചർ, ആന്റി റയോട്ട് ഗൺ, ബോർപമ്പ് ആക്ഷൻ ഗൺ, സബ് മെഷീൻ ഗൺ, ഇന്ത്യൻ എ.കെ 47, സെൽഫ് ലോഡിങ് റൈഫ്ൾ, റഷ്യൻ എ.കെ 47, ഇൻസാഫ് റൈഫിൾ, മെഷീൻ ഗൺ, റിവോൾവർ എന്നിങ്ങനെ ആധുനിക ആയുധങ്ങളും അവയിൽ ഉപയോഗിക്കുന്ന ബുള്ളറ്റുകളും വിവിധ ഗ്രനേഡുകളുമെല്ലാം കൈയിൽപിടിക്കാനും അവയെക്കുറിച്ച് അറിയാനും കഴിയും. തൊട്ടടുത്ത് അമേരിക്കൻ നിർമിത മെറ്റൽ ഡിറ്റക്ടറുകളെയും ബോംബ് സ്യുട്ടുമെല്ലാം പരിചയപ്പെടുത്തി ബോംബ് സ്ക്വാഡുമുണ്ട്.
കുറ്റാന്വേഷണത്തിൽ വിരലടയാളത്തിന്റെ പ്രാധാന്യമറിയാനും സ്വന്തം വിരലടയാളത്തിന്റെ തരമറിയാനും വഴിയൊരുക്കുന്ന ഫോറന്‍സിക്ക് ആന്‍ഡ് ഫിങ്കര്‍ പ്രിന്റ് വിഭാഗത്തിലും കയറാം. കെ9 സ്ക്വാഡിനെക്കുറിച്ചു അറിയാം. ശാസ്ത്രീയ അന്വേഷണരീതികളും സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അറിവും കുട്ടികൾക്കൊപ്പം മുതിർന്നവർക്കും കൗതുകത്തിനൊപ്പം അറിവിന്റെ പുതിയ ലോകം കൂടി തുറക്കുന്നു.
കേരളത്തിലെ ഏറ്റവും ഉയരംകൂടിയ അഞ്ച് മേഖലകളിലുള്ള ജാക് എന്ന വിളിപ്പോരിലുള്ള ട്രങ്ക് ലൈൻ കമ്യൂണിക്കേറ്റർ ടവറുകൾ, ഓരോ ജില്ലയിലുമുള്ള വയർലെസ് റിപ്പീറ്റർ ടവറുകൾ, പഴയകാലത്തെ മോഴ്സ് കോഡിൽ പ്രവർത്തിക്കുന്ന എച്ച്.എഫ് കമ്യൂണിക്കേറ്റർ, ലോ ബാൻഡ്-ഹൈ ബാൻഡ് കമ്യൂണിക്കേറ്റർ, പൊലീസ് വാഹനങ്ങളിലും സ്റ്റേഷനിലും പൊലീസുകാരുടെ കൈയിലും ഉപയോഗിക്കുന്ന വയർലെസ് സെറ്റുകൾ എന്നിവയെല്ലാം പരിചയപ്പെടാനാകും.
എ.എൻ.പി.ആർ കാമറ വാഹനങ്ങളുടെ നമ്പർ കണ്ടെത്തുന്നതും സ്ക്രീനിൽ കാണാം. വനിതകള്‍ക്കായുള്ള പ്രാഥമിക സ്വയംസുരക്ഷ മാര്‍ഗങ്ങൾ പഠിച്ച്, എൻ.സി.സി വളന്റിയർമാരുടെ പസിൽ ഗെയിമും കളിച്ച്, മധുരവും വാങ്ങി പുഞ്ചിരിയോടെ പോകുന്ന സന്ദർശകർ കേരള പൊലീസിനെ കൂടുതൽ മനസിലാക്കാനായതിന്റെ സംതൃപ്തിയോടെയാണ് അടുത്ത പവലിയനിലേക്ക് നീങ്ങുന്നത്.
പൊലീസ് കാവലില്‍ ഹരീഷ് വരക്കുന്നു ജീവിതം
ഈ ലോകത്തോട് ഹരീഷ് പറയുന്നതും ലോകം അവനോട് പറയുന്നതും വരകളിൽ നിറയുകയാണ്. കേൾവി-സംസാര വെല്ലുവിളിനേരിടുന്ന ഭിന്നശേഷിക്കാരനായ ഹരീഷ് ‘എന്റെ കേരളം’ പ്രദര്‍ശന മേളയിലെ പൊലീസ് പവലിയനിലെ സ്റ്റാർ ആണ്. സന്ദർശകരുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് കാൻവാസിൽ ജീവൻനൽകുന്ന 20കാരന് മുന്നിൽ തിരക്കും ഏറെ.
കൊല്ലത്തിന്റെ നിറങ്ങളും ഹരീഷിന്റെ കാൻവാസിൽ നിറയുന്നു. അമ്മക്കും പരിശീലകനായ നിസാമിനും ഒപ്പമാണ് കടയ്ക്കല്‍ സ്വദേശിയായ ഹരീഷ് പ്രദര്‍ശന മേളയില്‍ എത്തിയത്. ഹരീഷിന്റെ വര കണ്ട് ഇഷ്ടപ്പെട്ട പൊലീസുകാർ പവലിയനിൽ അവന് വേണ്ടി ഇടംഒരുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.