മഴയിൽ പകര്‍ച്ചവ്യാധി ജാഗ്രത വേണം
text_fieldsകൊല്ലം: മഴ തകർത്തുപെയ്യുമ്പോൾ പകർച്ചവ്യാധിക ഭീഷണിയുടെകാഴ്ചയാണ് ജില്ലയിൽ. ഡെങ്കിയുൾപ്പെടെ അപകടകരമായ പകർച്ചവ്യാധികൾ പിടിമുറുക്കിയതോടെ പനിക്കിടക്കയിൽ വിറക്കുകയാണ് ജനം. ഈ ആഴ്ചയിൽ മാത്രം 1323 പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച 495 പേരാണ് വിവിധ ആശുപത്രികളിൽ പനിബാധിച്ചെത്തിയത്. സ്വകാര്യ ആശുപത്രികളിലെ കൂടി ചേരുമ്പോൾ ഇരട്ടിയാകും പനിക്കണക്ക്. പകർച്ചവ്യാധികളിൽ ഡെങ്കിപ്പനി തന്നെയാണ് വ്യാപകമായി ആളുകളെ കീഴ്പ്പെടുത്തുന്നത്. ബുധനാഴ്ച 33 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ആറ് പേർക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ 70 പേരാണ് ഡെങ്കി സംശയവുമായി ആശുപത്രികളിലെത്തിയത്. 18 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഡെങ്കി കൂടാതെ എലിപ്പനിയും ഹെപ്പറ്റൈറ്റിസ് എയും അപകട ഭീഷണിയായുണ്ട്. കനത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്.
- ഡെങ്കിപ്പനിക്കെതിരെ അതീവ കരുതൽ അത്യാവശ്യമാണ്. പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് ഡെങ്കിപനി പകരുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയപാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, വീടിനുള്ളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തുന്ന കുപ്പികള്‍, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, റബ്ബര്‍ പാല് സംഭരിക്കുന്ന ചിരട്ടകള്‍, കമുങ്ങിന് പാളകള്‍, കക്കത്തോട്, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍ തുടങ്ങിയവയില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. റബര്‍ പാല് ഉല്പാദിപ്പിക്കാത്ത സമയങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തിവെക്കണം. കരക്ക് കയറ്റി വെച്ചിരിക്കുന്ന വള്ളം/ബോട്ട്, ബോട്ടുകളുടെ വശത്ത് കെട്ടിവച്ചിരിക്കുന്ന ടയറുകള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന ഐസ് ബോക്സ്/ തെര്‍മോക്കോള്‍ ബോക്സ് എന്നിവയിലെ ജലം, ആക്രി ശേഖരണശാലകളിലെ പാഴ്വസ്തുക്കളിലെ ജലം, ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ എന്നിവയിലെ മഴവെള്ള ശേഖരവുമാണ് തീരദേശത്തെയും നഗരപ്രദേശത്തെയും ഡെങ്കിവ്യാപനത്തിന് പ്രധാന കാരണം.
- എലിപ്പനി രോഗാണുവാഹകരില്‍ എലികള്‍ മാത്രമല്ല, നായ്ക്കളും മറ്റു വളര്‍ത്തുമൃഗങ്ങളും കന്നുകാലികളും ഉള്‍പ്പെടും. അവയുടെ വിസര്‍ജ്യത്താല്‍ മലിനമായ വെള്ളവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ രോഗം പകരും. കൈകാലുകളില്‍ മുറിവ് ഉള്ളപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കൃഷിസംബന്ധമായി ചേറിലും ചെളിയിലും ജോലി ചെയ്യുന്നവര്‍, മലിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. ആഹാരത്തിന് ശേഷം ആണ് കഴിക്കേണ്ടത്. ജോലി ആരംഭിക്കുന്നതിന്റെ തലേദിവസം കഴിക്കണം. ആഴ്ചയിലൊരിക്കല്‍ എന്ന തോതില്‍, പരമാവധി ആറ് ആഴ്ച വരെ ഡോക്സിസൈക്ലിന്‍ കഴിക്കാം.
- യാത്രാവേളകളില്‍ വെള്ളക്കെട്ടില്‍ ഇറങ്ങേണ്ടി വന്നാല്‍ കാല് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കാലുകളില്‍ മുറിവ് ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കുക. പനി, തലവേദന, കാലുകളലെ പേശികളില്‍ വേദന തുടങ്ങിയലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടുക.
- വെള്ളത്തില്‍ കൂടി വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവുമാണ് പകരുക. ഇതൊഴിവാക്കാന്‍ ശുചിത്വം പാലിക്കണം. ആഹാരത്തിന് മുന്‍പും, ശുചി മുറി ഉപയോഗിച്ചശേഷവും നിര്‍ബന്ധമായും സോപ്പുപയോഗിച്ച് കൈ കഴുകണം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
- തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കരുത്.
- കിണര്‍ ആഴ്ചയിലൊരിക്കല്‍ ബ്ലീച്ചിങ് ലായനി ഉപയോഗി ച്ച് ശുദ്ധീകരിക്കണം.
- പനി, തലവേദന, ഛര്‍ദ്ദി, ക്ഷീണം, മനംപിരട്ടല്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ രോഗലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുകയും വീട്ടില്‍ വിശ്രമിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.