ജില്ലയില്‍ പകർച്ചവ്യാധികൾ പടരുന്നു
text_fieldsകൊല്ലം: മഴ ശക്തമായതോടെ ജില്ലയില്‍ രോഗങ്ങൾ പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. ഷിഗല്ല, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി പോലുള്ള രോഗങ്ങളാണ് അധികവും പടരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും മലിനജലം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്നതുമാണ് രോഗങ്ങൾ വ്യാപിക്കാൻ ഇടയാക്കുന്നത്.
കഴിഞ്ഞ ആഴ്ച 107 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അറിയിപ്പുകളും ബോധവത്കരണവും നടത്തിയിട്ടും വീട്ടിലും പരിസരങ്ങളിലും ഉറവിട നശീകരണം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വർധിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
അഞ്ചുതരം വൈറസുകളാണ് ഡെങ്കി പരത്തുന്നണ്ട്. രണ്ടാമത്തെ തവണ പകരുന്നത് മറ്റൊരു വൈറസാണെങ്കിൽ കൂടുതൽ അപകടകരമാവാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യമാണ് നഗരങ്ങളിലും പരിസര പ്രദേശങ്ങളിലുമുള്ളത്.
ജലദോഷം, തുമ്മല്‍ ഇവയില്ലാതെ വരുന്ന പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്. ചൂട്, കടുത്തപനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ ചികിത്സ തേടണം. ശക്തമായ നടുവേദന, കണ്ണിനുപിറകില്‍ വേദന എന്നിവയും ഡെങ്കിപ്പനിയുടെ പ്രത്യേകതകളാണ്.
എലിയിൽ നിന്നും വീട്ടിൽ വളർത്തുന്ന അരുമ മൃഗങ്ങളിൽ നിന്നും എലിപ്പനി പകരാൻ സാധ്യതയുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ പെരുമാറുന്ന ആർക്കും രോഗംപകരാം. മുമ്പ് വൈറസ് ബാധിച്ച് ഒരാഴ്ച കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കാണുന്നതെങ്കിൽ ഇപ്പോൾ മൂന്നുദിവസത്തിനുള്ളിൽ രോഗം മൂർച്ഛിക്കുന്ന അവസ്ഥയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഷിഗല്ല-പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്
കൊല്ലം: പാലത്തറ, കലയ്ക്കോട് എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിൽ കൊട്ടിയത്ത് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ. എച്ച്. വീണ സരോജി, കലയ്ക്കോട് സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി.എസ്. അനൂപ്, ജില്ല എപ്പിഡെമോളജിസ്റ്റ് ഡോ. അഖിൽ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും മലിനമായ ജലത്തിന്റെ ഉപയോഗവും വഴിയാണ് രോഗമുണ്ടായതെന്ന് യോഗം വിലയിരുത്തി. കൊട്ടിയം പ്രദേശത്തെ ബേക്കറി, ഹോട്ടൽ, തട്ടുകട എന്നിവിടങ്ങളിൽ രാത്രികാല പരിശോധന നടത്തുവാനും ആവശ്യമെങ്കിൽ കേരള പൊതുജന ആരോഗ്യ നിയമ പ്രകാരം ഉള്ള നടപടികൾ സ്വീകരിക്കാനും കലയ്ക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറെ യോഗം ചുമതലപ്പെടുത്തി.
പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് മിന്നൽ പരിശോധന നടത്തി. 35 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുന്ന 38പേരെ കണ്ടെത്തി.
എന്താണ് ഷിഗല്ല?
ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണം. വയറിളക്കമാണ് പ്രധാന ലക്ഷണം. സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.
മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക എന്നിവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.
രോഗ ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ല രോഗലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം.രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു.
ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തം കലര്‍ന്ന മലവിസർജനം, നിര്‍ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകാം. വ്യക്തിശുചിത്വം പാലിക്കുക. തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം, ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക, വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക, പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക, രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ കുടിക്കുക. യഥാസമയം ചികിത്സ തേടുക, കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും വേണമെന്ന് ഡി.എം.ഒ അറിയിച്ചു.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 15 സ്ഥാപങ്ങൾ കണ്ടെത്തി
കൊല്ലം: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കി. ഒമ്പത് കടകളിൽ നിന്ന് കുടിവെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. ഷിഗല്ല പരിശോധനക്കായി ഒരു സ്ഥാപനത്തിൽ നിന്നും ജലം ശേഖരിച്ചു.
ജില്ല ടെക്നിക്കൽ അസിസ്റ്റന്റ് ജോസ്, പാലത്തറ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ഗോപൻ കലയ്ക്കോട്, ഫുഡ്സേഫ്റ്റി ഓഫിസർമാരായ ആതിര, സംഗീത്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനോജ്, സുജാറാണി, നിഷോ, ഉമേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജു, നിഷ, സായൂജ്യ ആര്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.