200 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsഇരവിപുരം: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 200 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി. എക്സൈസ് എത്തുന്നതറിഞ്ഞ് വീട്ടുകാർ വീടുപൂട്ടി രക്ഷപ്പെട്ടു. കൊല്ലൂർവിള പള്ളിമുക്ക് വൈമുക്കിന് സമീപം കൊച്ചു തങ്ങൾ 227 രാജാ നിവാസിൽനിന്നാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇതിന് മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരും. കോഴിക്കച്ചവടത്തിന്റെ മറവിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്നത്.
കൊല്ലം എക്സൈസ് റേഞ്ച് ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരവധി ആൾക്കാർ വീട്ടിൽ വന്ന് പോകുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീടിന്റെ മുറിയിൽ ഒമ്പത് ചാക്കുകെട്ടുകളിലായാണ് പുകയില ഉൽപനങ്ങൾ സൂക്ഷിച്ചിരുന്നത്. സമീപപ്രദേശങ്ങളിലെ കടകൾക്ക് ഇവ നൽകുന്നത് ഇവിടെ നിന്നാണ്. ഇലക്ട്രോണിക്സ് ത്രാസ്സും പിടിച്ചെടുത്തു. വീടുടമ രാജ സംഭവസ്ഥലത്ത് ഇല്ലാത്തതിനാൽ ഡിവിഷൻ കൗൺസിലർ ഹംസത്ത് ബീവിയെ വിളിച്ചുവരുത്തി കൗൺസിലറുടെ സാന്നിധ്യത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡു)മാരായ വിനോദ്, ശ്രീകുമാർ, പ്രിവൻറിവ് ഓഫിസർമാരായ അനീഷ് കുമാർ, ജ്യോതി, സിവിൽ എക്സൈസ് ഓഫിസർ ആദിൽഷ, ഡ്രൈവർ ജി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.