യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ
text_fieldsഇരവിപുരം: മയക്കുമരുന്ന് ഉപയോഗവും മദ്യപാനവും പൊലീസിനെ അറിയിച്ചെന്നപേരിൽ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിൽ പ്രധാന പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വാളത്തുംഗൽ ഹൈദരാലി നഗർ ചേരൂർ വടക്കതിൽ ഫിറോസ് ഖാൻ (23) ആണ് അറസ്റ്റിലായത്. ഇയാളുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു.
കേസുമായി ബന്ധപ്പെട്ട് കഞ്ചാവ് പ്രശാന്ത് എന്നയാളെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടോടെ വാളത്തുംഗൽ പുത്തൻചന്ത പൂച്ചവയൽഭാഗത്ത് വാളത്തുംഗൽ ചേതനാ നഗർ 34 ഗിരിജാ നിവാസിൽ അനുരാഗിനെയാണ് (28) ഇയാളുടെ നേതൃത്വത്തിലെ സംഘം ആക്രമിച്ച് പരിക്കേൽപിച്ചത്. ആളൊഴിഞ്ഞ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം അതുവഴി വരികയായിരുന്ന അനുരാഗിനെ തടഞ്ഞുവെച്ച് ഗുരുതരമായി പരിക്കേൽപിക്കുകയായിരുന്നു.
പരിക്കേറ്റ യുവാവ് പാലത്തറയിലെ സഹകരണ ആശുപത്രിയിലെ തീപ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘം പ്രദേശമാകെ തിരച്ചിൽ നടത്തുകയും പ്രതികളുടെ ഒളിത്താവളം കണ്ടെത്തുകയും ഫിറോസ് ഖാനെ പിടികൂടുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം തുടങ്ങി.
ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, നിത്യാസത്യൻ, അഭിജിത്, ജി.എസ്.ഐ ജയകുമാർ, എസ്.സി.പി.ഒ രാജേഷ് കുമാർ സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.