അയത്തിൽ ആറ്റിൽ കുളവാഴ നിറഞ്ഞു; വെള്ളപ്പൊക്ക ഭീതിയിൽ പരിസരവാസികൾ
text_fieldsഇരവിപുരം: അയത്തിൽ ബൈപാസ് ജങ്ഷനിലൂടെ ഒഴുകുന്ന അയത്തിലാറ് കുളവാഴകൾ കൊണ്ട് നിറഞ്ഞതിനെ തുടർന്ന് തീരത്തുള്ളവർ വെള്ളപ്പൊക്ക ഭീഷണിയിൽ.
കുളവാഴകൾ നിറഞ്ഞുകിടക്കുന്നതിനാൽ ആറ്റിലെ വെള്ളമൊഴുക്ക് നിലച്ച നിലയിലാണ്. രണ്ട് ദിവസമായി പെയ്ത മഴയിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നെങ്കിലും വെള്ളം ഒഴുകി പോകാത്ത സ്ഥിതിയാണുള്ളത്.
അയത്തിൽ ബൈപാസിലെ പാലം, ഊറ്റുകുഴി പാലം, എ.ആർ.എമ്മിനടുത്തെ വലിയ മാടം പാലം എന്നിവിടങ്ങളിൽ കുളവാഴ നിറഞ്ഞ് കിടക്കുന്നത് പാലത്തിന് ബലക്ഷയമുണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു. ആറ്റിലെ കുളവാഴകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അയത്തിൽ നിസാമിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇറിഗേഷൻ വകുപ്പിനും കലക്ടർക്കും പരാതി നൽകി.
ആറ്റിൽ മലിനജലം കെട്ടിക്കിടക്കുന്നത് രോഗങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ ആരോപിക്കുന്നു.
അടുത്ത മഴക്ക് മുമ്പ് കുളവാഴകൾ നീക്കം ചെയ്യാൻ അധികൃതർ തയാറായില്ലെങ്കിൽ കോർപറേഷൻ സോണൽ ഓഫിസിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അയത്തിൽ നിസാം പറഞ്ഞു.
കുളവാഴകൾ നിറഞ്ഞ അയത്തിലാറ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.