പ്രാരബ്ധങ്ങളിൽനിന്ന് റാങ്ക് നേട്ടത്തിലേക്ക് ഹെന്ന
text_fieldsഇരവിപുരം: കൊല്ലൂർവിള അൽ-അമീൻ നഗർ 125 ഹിബിനുമൻസിലിൽ കേരള യൂനിവേഴ്സിറ്റി ബി.എ ഫിലോസഫി രണ്ടാം റാങ്കിന്റെ തിളക്കമെത്തിയപ്പോൾ ഇന്നലെ വരെ അനുഭവിച്ച പ്രാരബ്ധങ്ങൾ ഹെന്ന ഫാത്തിമക്ക് പഴങ്കഥയാകുകയായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന ഹെന്ന ചായക്കട തൊഴിലാളിയായ ഷംസുദ്ദീന്റെയും വീട്ടമ്മയായ റീജയുടെയും മകളാണ്.
കൊല്ലൂർവിള മുസ്ലിം ജമാഅത്ത് സെൻട്രൽ സ്കൂൾ വിദ്യാർഥിനിയായിരുന്ന ഹെന്നക്ക് സ്കൂൾ ഫീസിനും മറ്റും നിരവധി പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്. പഠനത്തിന് നാട്ടുകാർ പ്രോത്സാഹനം നൽകിയപ്പോൾ ഹെന്നയും പഠനത്തിൽ ഒന്നിനൊന്നു മികവ് പുലർത്തുകയായിരുന്നു.
പഠനത്തിനോടൊപ്പം പ്രസംഗത്തിലും ആങ്കറിങ്ങിലും ഉപന്യാസരചനയിലുമൊക്കെ കഴിവ് തെളിയിച്ച ഹെന്നക്ക് പ്രോത്സാഹനമായി മാതാപിതാക്കളും സഹോദരങ്ങളും ഒപ്പമുണ്ട്. പത്താം ക്ലാസിലും പ്ലസ് ടുവിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ഹെന്നയെ ഉയരങ്ങളിൽ എത്തിക്കാൻ നാട്ടിൽ പ്രാദേശികമായി പ്രവർത്തിച്ചുവരുന്ന എപ്പിക് എന്ന വിദ്യാഭ്യാസ കൂട്ടായ്മയുടെ പ്രവർത്തകരും സദാ സന്നദ്ധരാണ്. കാവൽപുരയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വികാസ് കോളജിന്റെ പ്രവർത്തകരും പിന്തുണയുമായുണ്ട്.
കൊല്ലം ശ്രീനാരായണ കോളജിൽനിന്ന് രണ്ടാംറാങ്കോടെ ബിരുദം നേടിയ ഹെന്നയെ അഭിനന്ദിക്കാൻ ജനപ്രതിനിധികളും സംഘടനകളും നിരവധി വാട്സ്ആപ് ഗ്രൂപ്പുകളും വീട്ടിലെത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പരിപാലന സമിതി പ്രസിഡൻറ് എ. അൻസാരി മജീദിയ, സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, സലീം, ജമാഅത്ത് സംരക്ഷണസമിതി ഭാരവാഹികൾ, എപ്പിക് ഭാരവാഹികൾ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ്, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ബിസ്മില്ല യുവജന സംഘടന തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും ആദരിച്ചു.
സിവിൽ സർവിസ് ലക്ഷ്യമാക്കുന്ന ഹെന്നക്ക് അത് പൂർത്തീകരിക്കാൻ കഴിയുമെന്ന ദൃഢവിശ്വാസവുമുണ്ട്. ഹെന്നയുടെ പഠനത്തെ സഹായിക്കാൻ രോഗിയായ പിതാവ് ഹോട്ടലിൽ തൊഴിലെടുത്താണ് മുന്നോട്ടുപോകുന്നത്. മകളുടെ ഭാവി പച്ചപിടിക്കാനും അതോടൊപ്പം അവളെ സമൂഹത്തിന് ഗുണഫലങ്ങൾ ചെയ്യാൻ പ്രാപ്തയാക്കാനും മാതാപിതാക്കൾ പ്രാർഥനയോടെ ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.