ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsഇരവിപുരം: വീട്ടിലേക്കു വരുന്ന വഴിയിൽ ലഹരി ഉപയോഗം നടത്തിയത് ചോദ്യം ചെയ്തതിന് കുടുംബത്തെ വീടുകയറി അക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ മൂന്നുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ആക്കോലിൽ ഇളവയലിൽ റാംജിത്ത് (19 -ഉണ്ണി), വാളത്തുംഗൽ കളരി ക്ഷേത്രത്തിനു സമീപം അജ്ഞനയിൽ ആദിത്യൻ (19 - അപ്പു), മയ്യനാട് നടുവിലക്കര കോവുചിറ കവിത വിലാസത്തിൽ ജ്യോതിഷ് (20) എന്നിവരാണ് പിടിയിലായത്. റാംജിത്തിനെ നെടുമങ്ങാട്ടെ ഒളിത്താവളത്തിൽ നിന്നും മറ്റ് രണ്ടുപേരെ മംഗലപുരത്തെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്.
മയക്കുമരുന്ന് കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന റഫീക്കിനോടൊപ്പമാണ് രണ്ടുപേർ കഴിഞ്ഞിരുന്നത്. ഇയാളെ എക്സൈസ് കമീഷണർക്ക് കൈമാറി. വാഹനങ്ങൾ തട്ടിയെടുത്ത് കഞ്ചാവ് കടത്തിയ ശേഷം ഉപേക്ഷിക്കുകയും നമ്പർ പ്ലേറ്റില്ലാത്ത ആഡംബര ബൈക്കുകളിൽ കറങ്ങുകയുമാണ് സംഘത്തിെൻറ രീതി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടോടെ മയ്യനാട് കാരികുഴി വയലിൽവീട്ടിൽ ജയൻ തമ്പി, ഭാര്യ പത്മിനി, മകൻ വിശാഖ് എന്നിവരെയാണ് സംഘം മർദിച്ചത്. ജയൻ തമ്പിയുടെ വീട്ടിലേക്ക് വരുന്ന വഴിയിൽനിന്ന് ലഹരി ഉപയോഗം നടത്തുകയും അസഭ്യം പറയുന്നതും കേട്ട് തമ്പിയുടെ മകൻ ചോദ്യം ചെയ്തതിെൻറ പേരിലാണ് ലഹരിക്കടിമകളായ യുവാക്കൾ വീട്ടിൽ എത്തുകയും ആക്രമണം നടത്തുകയും ചെയ്തത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി കൊല്ലം എ.സി.പി പ്രദീപ് കുമാറിെൻറ നിർദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇരവിപുരം എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, ജൂനിയർ എസ്.ഐമാരായ ഷെമീർ, സൂരജ് ഭാസ്കർ, ജി.എസ്.ഐ ജയകുമാർ, എ.എസ്.ഐ ഷിബു. ജെ. പീറ്റർ, സി.പി.ഒ സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ലോഡ്ജുകളിൽ മുറിയെടുത്ത ശേഷം പണം കൊടുക്കാതെ മുങ്ങുന്നതും സംഘത്തിെൻറ പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.