സമാനതകളില്ലാത്ത ജയവുമായി ഇബ്രാഹിം ബാദുഷ
text_fieldsഇരവിപുരം: ഇബ്രാഹിം ബാദുഷയുടെ പത്താം ക്ലാസ് വിജയം ഒരു ചരിത്രമാണ്. പഠിക്കാൻ സ്കൂളിൽ പോയില്ലെങ്കിലും മുഴുവൻ വിഷയത്തിലും എ പ്ലസ് വാങ്ങാമെന്ന് തെളിയിച്ച പുതു ചരിത്രം. ആ വിജയം നേരിട്ടറിയാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് അവൻ പഠിക്കേണ്ടിയിരുന്ന സ്കൂൾ അധികൃതരും നാടും വീടും. കേൾവി തകരാറും രോഗപ്രതിരോധശേഷിയില്ലായ്മയുമുള്ള മകന്‍റെ പഠിച്ചു മുന്നേറാനുള്ള മോഹം മനസ്സിലാക്കിയ മാതാവ് മകനെ വീട്ടിലിരുത്തി പഠിപ്പിച്ച് തിളക്കമാർന്ന വിജയത്തിലെത്തിക്കുകയായിരുന്നു.
ഇരവിപുരം കാവൽപ്പുര റെയിൽവേ സ്റ്റേഷന് പിറകുവശം ഉദയ താരാനഗർ 98 ബാദുഷാ മൻസിലിൽ ഷെരീഫ് കുട്ടി- ഷക്കീല ദമ്പതികളുടെ മകനും ഇരവിപുരം സെന്‍റ് ജോൺസ് ഹൈസ്കൂളിലെ വിദ്യാർഥിയുമായിരുന്ന ഇബ്രാഹിം ബാദുഷയാണ് സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയത്. 65 ശതമാനം കേൾവി ശക്തിയില്ലാത്ത ഇബ്രാഹിം ബാദുഷ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അപസ്മാര ബാധയുണ്ടായിരുന്നു. തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലും മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ചികിത്സയിലാണ്. രോഗ പ്രതിരോധശേഷി കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ് സ്കൂളിൽ പോകുന്നത് നിർത്തിയത്. പത്താം ക്ലാസിൽ സ്കൂൾ അധികൃതരുടെ സഹായത്തോടെ ഓൺലൈനായിട്ടായിരുന്നു പഠനം. ഓൺലൈൻ ക്ലാസുകൾ മകനോടൊപ്പം കണ്ടശേഷം ബിരുദധാരിയായ മാതാവ് ഷക്കീല പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു. ബി.ആർ.സിയിലെ റിസോഴ്സ് അധ്യാപികയായ ചന്ദ്രലേഖയും സ്കൂൾ അധികൃതരും ഉദയതാര റസിഡൻസ് അസോസിയേഷനും പഠനത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളുമായി ഒപ്പമുണ്ടായിരുന്നു. പ്ലസ് വണിന് ഹ്യുമാനിറ്റീസിന് ചേർന്ന് പഠിക്കണമെന്നാണ് ആഗ്രഹം. ശ്രവണസഹായി ലഭിച്ചാൽ പഠിച്ച് കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയുമെന്നാണ് ഇബ്രാഹിം ബാദുഷ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.