പുതിയ ഉൽപന്നങ്ങളുമായി മീറ്റർ കമ്പനി
text_fieldsഇരവിപുരം: പുതിയ ഉൽപന്നങ്ങളുമായി കൊല്ലൂർവിള പള്ളിമുക്കിലെ മീറ്റർ കമ്പനി (യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്) കൂടുതൽ ഉയരങ്ങളിലേക്ക്. വാഹനം മോഷണം പോയാൽ അതിെൻറ എൻജിൻ മൊബൈൽ ഫോൺ വഴി ഓഫ് ചെയ്യത്തക്ക രീതിയിലുള്ള യൂനിവൺ ഫോട്ടി എന്ന പേരിലുള്ള വെഹിക്കിൾ ട്രാക്കിങ് സിസ്റ്റം മീറ്റർ കമ്പനിയിൽ നിർമിച്ചു തുടങ്ങി.
ഇന്ത്യൻ റീജനൽ നാവിഗേഷൻ സിസ്റ്റത്തിെൻറ സഹായത്തോടെയാണ് പ്രവർത്തനം. ഇന്ത്യയിൽ ആദ്യമായാണ് പൊതുമേഖല സ്ഥാപനം ഇത്തരം ഉൽപന്നം പുറത്തിറക്കുന്നത്. സിസ്റ്റം ഘടിപ്പിച്ചിട്ടുള്ള വാഹനം അപകടത്തിൽപെട്ടാൽ ഇതിലെ എമർജൻസി ബട്ടൺ അമർത്തിയാൽ വിവരം അപ്പോൾ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കും ലഭിക്കും. കൂടാതെ അലക്ഷ്യമായ ഡ്രൈവിങ് സംബന്ധിച്ച വിവരങ്ങളും ഉടമക്കും പൊലീസിനും അറിയാൻ കഴിയും.
മീറ്റർ കമ്പനിയിലെ അസി. പ്ലാൻറ് എൻജിനീയർ ബാദുഷയുടെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുന്നത്. കരുനാഗപ്പള്ളി കേന്ദ്രമായ സ്ഥാപനത്തിനാണ് വിതരണ ചുമതല. സ്മാർട് എനർജി മീറ്റർ, വാട്ടർ മീറ്റർ, എൽ.ഇ.ഡി.വിളക്കുകൾ എന്നിവയും ഇവിടെ നിർമിക്കുന്നുണ്ട്. കമ്പനിയിൽ പത്തുവർഷമായി മുടങ്ങിക്കിടന്ന ശമ്പള പരിഷ്കരണം നടപ്പാക്കിയതായും വിറ്റുവരവ് സർവകാല െറേക്കാഡിലേക്ക് കുതിക്കുകയാണെന്നും എം.ഡി. വിനയകുമാറും, ചെയർമാൻ എം.എച്ച്. ഷാരിയറും പറഞ്ഞു.
നടപ്പുവർഷം 33 കോടിയായിരുന്നു വിറ്റുവരവെങ്കിൽ അടുത്ത സാമ്പത്തികവർഷം 60 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. മോട്ടോർ സ്റ്റാർട്ടർ, ജനറേറ്റർ സെറ്റ് എന്നിവയുടെ നിർമാണവും കമ്പനി ലക്ഷ്യമിടുന്നതായും അവർ പറഞ്ഞു. സർക്കാർ ലോൺ ഷെയറാക്കി മാറ്റണമെന്ന മീറ്റർ കമ്പനിയുടെ ദീർഘകാലത്തെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇത് കമ്പനിയുടെ മുന്നോട്ടുള്ള പുരോഗതിയിൽ വിപ്ലവകരമായ മാറ്റമാണ് വരുത്തുക. 72 കോടി രൂപയാണ് സർക്കാർ ഷെയറാക്കി മാറ്റിയത്. വ്യവസായ മന്ത്രിയുടെയും എം. നൗഷാദ് എം.എൽ.എയുടെയും ഇടപെടലുകളാണ് കമ്പനിക്ക് തുണയായതെന്നും കമ്പനി അധികൃതർ പറഞ്ഞു.
എ.ബി. സ്വിച്ചിെൻറ വിതരണത്തിനായി കെ.എസ്.ഇ.ബിയിൽ ക്വട്ടേഷൻ നൽകിയിട്ടുണ്ട്. അതും ലഭിക്കുമെന്നാണ് പ്രതീക്ഷ. തെരുവുവിളക്ക് പദ്ധതിയായ നിലാവ് കെ.എസ്.ഇ.ബിയെ ഏൽപിച്ചത് കമ്പനിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്. തകർച്ചയിലേക്ക് കൂപ്പുകുത്തുമായിരുന്ന കമ്പനിയെ ഉയർച്ചയിലേക്ക് കൊണ്ടുവന്നതിന് കാരണം തൊഴിലാളികളുടെയും മാനേജ്മെൻറിെൻറയും കൂട്ടായ പരിശ്രമമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.