ലൈബ്രറി പ്രവർത്തകരെ ആക്രമിച്ച സംഭവം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsഇരവിപുരം: മയക്കുമരുന്ന് സംഘം ലൈബ്രറി പ്രവർത്തകരെ ആക്രമിച്ച കേസിൽ സംഘത്തിലെ പ്രധാനിയെ ഇരവിപുരം പൊലീസ് പിടികൂടി. ഇത്തിക്കര പാലത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഖിൽ (19- ഭാസി) ആണ് പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് സബീർ, ആഷിക്ക്, നിഷാദ് എന്നിവരെ നേരത്തേ ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു. തിരുവോണദിവസം രാത്രി പത്തരയോടെ വാളത്തുംഗൽ ലിയോ ക്ലബിന് സമീപത്തായിരുന്നു സംഭവം.
ലിയോ ക്ലബിൽ കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങളുടെ അവലോകനം നടക്കവെ പ്രദേശത്തിന് പുറത്തുനിന്നുള്ള ചില യുവാക്കൾ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ ലൈബ്രറി പ്രവർത്തകർ ചോദ്യംചെയ്തിരുന്നു.
ഇതിനുശേഷം സംഘടിച്ചെത്തിയ സംഘം മന്നം മെമ്മോറിയൽ എച്ച്.എസ്.എസിന് സമീപം ലിയോനഗർ നാല് ശ്രീഭവനിൽ ശ്രീജിത്ത് ഉൾെപ്പടെ ഏതാനുംപേരെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപിച്ചശേഷം കടന്നുകളയുകയായിരുന്നു. ചിറവയൽ ഭാഗത്ത് ആളൊഴിഞ്ഞ വീടും പുരയിടങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തവ്യാപാരം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവിടെ വന്നുപോകുന്നവരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇരവിപുരം എസ്.ഐമാരായ അനീഷ് എ.പി, ദീപു, അഭിജിത്ത്, ജി.എസ്.ഐ ആൻറണി, എ.എസ്.ഐ, ഷാജി, എസ്.സി.പി.ഒ സൈഫുദ്ദീൻ, സി.പി.ഒമാരായ ചിത്രൻ, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.