ഓടയുടെ മേൽമൂടി നിർമാണം വൈകുന്നതിൽ വ്യാപക പ്രതിഷേധം
text_fieldsഇരവിപുരം: ഓടയുടെ മേൽമൂടി നിർമാണം വൈകുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. നിലവിലുണ്ടായിരുന്ന മേൽമൂടി പൊളിച്ചുമാറ്റി മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമാണം അനന്തമായി നീളുന്നതാണ് പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.
കൊല്ലം കോർപറേഷനിലെ കൊല്ലൂർവിള ഡിവിഷനിൽപെട്ട ആദിക്കാട് ക്ഷേത്രത്തിന് മുന്നിൽനിന്ന് ഭാരത് നഗറിലൂടെ വൈമുക്കിലേക്ക് പോകുന്ന ഓടയുടെ മേൽമൂടി നിർമാണമാണ് മാസങ്ങളായി പാതിവഴിയിൽ മുടങ്ങിയത്.
ഓടയിൽ നിന്നുള്ള മണ്ണും ചളിയും ഓടക്ക് മുകളിൽ കൂട്ടിവെച്ചിരിക്കുകയാണ്. ഇതിൽ നിന്നുയരുന്ന ദുർഗന്ധവും ഓടയിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നുള്ള പ്രാണികളും പ്രദേശവാസികളിൽ പനിക്കും ത്വഗ്രോഗങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. അസുഖബാധിതരായ നിരവധിപേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഓടയുടെ പുനർനിർമാണത്തിന്റെ ഭാഗമായി ഭാരത് നഗറിലെ ഇരുപതോളം വീടുകളിലേക്കുണ്ടായിരുന്ന വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് അടച്ചുപൂട്ടിയതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസമായി പ്രദേശവാസികൾക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഭൂരിഭാഗവും കിണറുകൾ നിലവിലില്ലാത്ത വീടുകളായതിനാൽ പലരും വെള്ളം വിലക്കുവാങ്ങിയാണ് ഉപയോഗിക്കുന്നത്.
കരാറുകാരന്റെ മെല്ലപ്പോക്കാണ് നിർമാണം മുടങ്ങാൻ ഇടയാക്കിയതെന്നാണ് ഡിവിഷൻ കൗൺസിലർ ഹംസത്ത് ബീവി പറയുന്നു. കരാറുകാരനുമായി പലതവണ ബന്ധപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്നാണ് ഇവർ പറയുന്നത്.
ഓടയുടെ മേൽമൂടി നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി ഭാരത് നഗർ റെസിഡന്റ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. മേൽമൂടി ഇല്ലാത്തതിനാൽ ഓടയിൽവീണ് പരിക്കേൽക്കുന്ന സംഭവങ്ങളും വ്യാപകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.