കോർപറേഷന്റെ വാഹനങ്ങൾ സൂക്ഷിക്കുന്നയിടം മാലിന്യസംഭരണ കേന്ദ്രമായി
text_fieldsഇരവിപുരം: നഗരത്തിലെ മാലിന്യസംഭരണകേന്ദ്രമായി പോളയത്തോട് മാറുന്നു. പോളയത്തോട് മാർക്കറ്റിനും ശ്മശാനത്തിനും ഇടയിലുള്ള കോർപറേഷൻ വാഹനസൂക്ഷിപ്പ് കേന്ദ്രമാണ് ഇപ്പോൾ മാലിന്യസംഭരണകേന്ദ്രമായി മാറിയിരിക്കുന്നത്. ആയിരക്കണക്കിന് ടൺ മാലിന്യമാണ് ഇവിടെ കുന്നുകൂടിക്കിടക്കുന്നത്. ഇവിടെയുള്ള കോർപറേഷന്റെ കാർ മാലിന്യം മൂടിയ അവസ്ഥയിലാണ്. പ്ലാസ്റ്റിക് മാലിന്യവും ചാക്കുകളിൽ നിറച്ച മാലിന്യവുമാണ് ഇവിടെ കൂന പോലെ കിടക്കുന്നത്. കോർപറേഷന്റെ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ഇവിടം അടുത്തകാലത്തായാണ് മാലിന്യസംഭരണകേന്ദ്രമായത്.
വാഹനങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു വശത്ത് കെട്ടിയിരിക്കുന്ന ഷെഡിലുംപുറത്തുമായാണ് മാലിന്യക്കൂമ്പാരം. വർഷങ്ങൾക്കുമുമ്പ് മാമൂട്ടിൽ കടവിൽ മാലിന്യം അട്ടിയിട്ടിരുന്ന സ്ഥിതിയാണ് ഇവിടെയും. കോർപറേഷൻ ജീവനക്കാർ മാലിന്യം ഇവിടെ കൊണ്ടുവന്ന് തട്ടുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലമായേതോടെ മാലിന്യത്തിൽ വെള്ളം കയറും. ഇവിടെനിന്നുള്ള ദുർഗന്ധവും പ്രാണികളും അടുത്തുള്ള മാർക്കറ്റിൽ എത്തുന്നവർക്ക് അസഹനീയമാണ്. രോഗങ്ങൾ പിടികൂടുമോയെന്ന ഭയം മാർക്കറ്റിലെത്തുന്നവർക്കുണ്ട്. ഇവിടെ മൃതദേഹം കൊണ്ടുവന്നുതള്ളിയാലും പുറത്തറിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൊല്ലം നഗരത്തോട് അടുത്തുള്ള പ്രദേശെത്ത മാലിന്യം നീക്കത്തിന് നടപടി ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.