മദ്യപിക്കാൻ സ്ഥലം നൽകിയില്ല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsഇരവിപുരം: കടൽതീരത്തിരുന്ന് മദ്യപിക്കാൻ സ്ഥലം നൽകാത്തതിെൻറ പേരിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഇരവിപുരം തെക്കുംഭാഗം ഗാർഫിൽ ക്ലബിന് വടക്ക് ജിനുനിവാസിൽ ജിനു (34), കാക്കതോപ്പ് ഷൈനി മന്ദിരത്തിൽ ജോസ് അജയകുമാർ (40), ഗാർഫിൽ ക്ലബിന് സമീപം ന്യൂ കോളനിയിൽ വിനോദ് (40) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചക്ക് പതിനൊന്നരയോടെ കാക്കതോപ്പ് കടൽതീരത്തായിരുന്നു സംഭവം.
വലനിർമാണതൊഴിലാളികളായ പ്രതികൾ കടപ്പുറത്തിരുന്ന യുവാക്കളോട് അവിടെനിന്ന് മാറിപ്പോകണമെന്നും തങ്ങൾക്ക് അവിടെയിരുന്ന് മദ്യപിക്കണമെന്നും പറഞ്ഞു. യുവാക്കൾ അവിടെ നിന്ന് പോകാൻ കൂട്ടാക്കാതിരുന്നപ്പോൾ വലയുടെ റോപ്പ് മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഇവർ ആക്രമണം നടത്തി. കാക്കതോപ്പ് ക്ലാവറ മുക്കിന് സമീപം ഹിമേഷ് വില്ലയിൽ ഹിമേഷിന് (20)ഗുരുതരമായി പരിക്കേറ്റു. ഇയാൾ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽചികിത്സയിലാണ്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി കൊല്ലം എ.സി.പി പ്രദീപ് കുമാറിെൻറ നിർദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിെൻറ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപവത്കരിക്കുകയും ഒളിവിലായിരുന്ന പ്രതികളെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.
ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ദീപു, ബിനോദ് കുമാർ, പ്രകാശ്, സുനിൽ, ജയകുമാർ, എ.എസ്.ഐ.മാരായ ഷിബു ജെ. പീറ്റർ, ജയപ്രകാശ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.