റമദാൻ തിരക്കിലാണ് 'ഉന്നക്കാ നൗഷാദ്'
text_fieldsഇരവിപുരം: 'ഉന്നക്കാ നൗഷാദ്' എന്നറിയപ്പെടുന്ന നൗഷാദിന് നോമ്പുകാലം തിരക്കിെൻറ കാലമാണ്. നോമ്പുതുറക്കുള്ള മലബാർ വിഭവങ്ങളായ ഉന്നക്കായ, ഇറച്ചിപ്പത്തിരി, ചിക്കൻ അട, ചിക്കൻ കട്ലറ്റ് എന്നിവ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും ഇദ്ദേഹം. കഴിഞ്ഞ ഏഴുവർഷമായി ഉന്നക്കായ നിർമാണത്തിൽ സജീവമാണ് നൗഷാദ്. അതിലൂടെയാണ് വിളിപ്പേരും ലഭിച്ചത്. സ്വന്തം വീടിനും മറ്റൊരു പേര് തിരഞ്ഞ് നൗഷാദ് പോയില്ല. ഉന്നക്കാ ഹൗസ് എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് റമദാൻ കാലത്ത് നിരവധി പേരാണ് നോമ്പുതുറക്കായി ഇദ്ദേഹത്തിെൻറ വിഭവങ്ങൾ തേടിയെത്തുന്നത്. മുമ്പ് പള്ളികളിൽ നോമ്പുതുറക്കുന്നതിനായി മലബാർ വിഭവങ്ങളുടെ ഓർഡർ ലഭിച്ചിരുന്നു. കോവിഡ് കാലമായതിനാൽ പള്ളികളിലും തൈക്കാവുകളിലും സമൂഹ നോമ്പുതുറകൾ നിലച്ചതോടെ മൊത്തമായുള്ള ഓർഡറുകൾ ലഭിക്കാറില്ലെന്ന് നൗഷാദ് പറയുന്നു. എന്നാലും നിരവധി പേർ വിഭവങ്ങൾ തേടി പഴയാറ്റിൻകുഴി ചകിരിക്കട അൽഅമീൻ നഗർ 74 ബിയിലെ 'ഉന്നക്കാ ഹൗസി'ൽ എത്താറുള്ളതിനാൽ തിരക്കിന് കുറവില്ല.
ഏത്തക്കായ, പഞ്ചസാര, തേങ്ങ, ഏലക്കായ എന്നിവ ചേർന്നാണ് സ്വാദേറിയ ഉന്നക്കായ നിർമിക്കുന്നത്. ഇറച്ചി മസാലയാക്കി മാവിൽ പൊതിഞ്ഞാണ് ചട്ടിപ്പത്തിരിയുടെ നിർമാണം. ഉരുളക്കിഴങ്ങ് പുഴുങ്ങി മാവ് പോലെയാക്കിയശേഷം ഇറച്ചി ചേർത്തശേഷം ബ്രഡ് പൊടിയിൽ മുക്കിയെടുത്താണ് ചിക്കൻ കട്ലറ്റ് നിർമിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലക്കാണ് വിഭവങ്ങൾ വിൽപന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.