പൊലീസിൽനിന്ന് രക്ഷപ്പെടാൻ ബൈക്ക് നൽകാത്തതിന് നിയമസഭാ ഉദ്യോഗസ്ഥനെ കുത്തിയ പ്രതി പിടിയിൽ
text_fieldsഇരവിപുരം: പൊലീസിൽനിന്ന് രക്ഷപ്പെടാൻ ബൈക്ക് നൽകാത്തതിന് നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടി.
പാലത്തറ എൻ.എസ് ആശുപത്രിക്ക് സമീപം നവാസ് മൻസിലിൽ സെയ്ദലിയാണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം ആറോടെ പാലത്തറ ശാന്താ ഭവനത്തിൽ രാഹുലി(25)നെയാണ് ഇയാൾ കുത്തിയത്.
സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന രാഹുലിനെ ഇയാൾ തടഞ്ഞുനിർത്തി നെഞ്ചിൽ കുത്തുകയായിരുന്നു. സംഭവത്തിനുശേഷം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് ബൈക്കിൽ കുളപ്പാടത്തെ ബന്ധുവീട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു.
എ.സി.പി പ്രദീപ്കുമാറിെൻറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. പൊലീസ് സംഘം കുളപ്പാടത്തെ ബന്ധുവീട്ടിൽ എത്തിയപ്പോഴേക്കും പ്രതി അവിടുന്ന് ഓടി രക്ഷപ്പെട്ടു. ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പൊലീസ് സാഹസികമായി കീഴടക്കിയത്.
പിടികൂടുന്നതിനിടെ പരിക്കേറ്റ എസ്.ഐ ദീപു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരവിപുരം ഇൻസ്പെക്ടർ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദിപു, ഗ്രേഡ് എസ്.ഐ സുനിൽ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരം അയത്തിൽ ജങ്ഷനിൽ പരിക്കേറ്റുകിടന്ന പ്രതിയെ പൊലീസും നാട്ടുകാരും ചേർന്ന് പാലത്തറയിലെ എൻ.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പൊലീസ് എത്തുന്നതറിഞ്ഞാണ് രക്ഷപ്പെട്ടത്. വിവിധ വാഹന മോഷണ കേസുകളിൽ പ്രതിയാണെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.