ഇ.എസ്.ഐ ആശുപത്രി; മെഡിക്കൽ കോളജാവുക എഴുകോണോ ആശ്രാമമോ?
text_fieldsകൊല്ലം: ജില്ലയിലെ ഇ.എസ്.ഐ ആശുപത്രികളിലേതെങ്കിലും മെഡിക്കൽ കോളജായി പരിവർത്തിക്കപ്പെടുമോയെന്ന ചർച്ച മുറുകുന്നു. കൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രിയും എഴുകോൺ ഇ.എസ്.ഐ ആശുപത്രിയും നവീകരിച്ചും വിപുലപ്പെടുത്തിയും മെഡിക്കൽ കോളജായി ഉയർത്തുമോയെന്നതാണ് വ്യക്തമാകാനുള്ളത്.
എഴുകോൺ ഇ.എസ്.ഐ ആശുപത്രി നവീകരിക്കണമെന്ന് കഴിഞ്ഞദിവസം കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ജില്ലയുടെ കിഴക്കൻ മേഖലയിലെ ആരോഗ്യ-വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി എഴുകോൺ ഇ.എസ്.ഐ ആശുപത്രി നവീകരണത്തിന് മുൻഗണന നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ഇൻഷുറൻസ് ചെയ്ത തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമിടയിൽ ആധുനികവും നൂതനവുമായ വൈദ്യ പരിചരണത്തിനുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ആശുപത്രിയെ 250 കിടക്കകളുള്ള സൂപ്പർ സ്പെഷാലിറ്റിയായി ഉയർത്തേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
കൂടാതെ, മുമ്പ് അനുവദിച്ച ഡെൻറൽ, ഫാർമസി കോഴ്സുകൾ പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും നിലവിലെ ആയുർവേദ ആശുപത്രിയെ സമ്പൂർണ ആയുർവേദ മെഡിക്കൽ കോളജായി ഉയർത്താനുള്ള സാധ്യത പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, കുറച്ചുകൂടി കടന്ന് കഴിഞ്ഞദിവസം ഇ.എസ്.ഐ കോര്പറേഷന് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ആശ്രാമം ആശുപത്രിയിലും ഇ.എസ്.ഐയുടെ സ്ഥലത്തും എത്തിക്കുകയും ഉന്നതതല യോഗം സംഘടിപ്പിക്കുകയും ചെയ്തു എൻ.കെ. പ്രേമചന്ദ്രൻ എം.പി. കഴിഞ്ഞമാസം ചേര്‍ന്ന ഇ.എസ്.ഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം ആശ്രാമത്ത് ഇ.എസ്.ഐ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്.
മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് ആവശ്യമായ തരത്തിലുള്ള നിലവാരത്തിലേക്ക് ആശ്രാമം ഇ.എസ്.ഐ ആശുപത്രി ഉയര്‍ത്തുന്നതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്നും പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ഈ രണ്ട് ആശുപത്രികളുടെയും കാര്യത്തിൽ സ്ഥലമാണ് വെല്ലുവിളി. ആശ്രാമത്ത് പ്രേമചന്ദ്രൻ കണ്ണുവെക്കുന്നത് ആശുപത്രിയുടെ സമീപത്തെ പാർവതി മില്ല് സ്ഥിതിചെയ്യുന്ന സ്ഥലമാണ്. കേന്ദ്ര ടെക്സ്റ്റൈൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഇവിടം വെറുതെ കിടക്കുകയാണ്. അത് ഇ.എസ്.ഐ കോർപറേഷന് വിട്ടുകിട്ടാൻ നടപടി സ്വീകരിക്കുമെന്നാണ് എം.പി പറയുന്നത്.
കൂടാതെ, ദശാബ്ദങ്ങളായി ഇ.എസ്.ഐയുടെ കൈവശമിരിക്കുന്ന ഹോസ്പിറ്റല്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകള്‍ ക്രമപ്പെടുത്തി നല്കാന് റവന്യു ഡിപ്പാര്‍ട്ട്മെന്റ് തയാറായാൽ അതും പ്രയോജനപ്പെടുത്താനാവും.
എഴുകോൺ ആശുപത്രിയുടെ കാര്യത്തിൽ സ്ഥലം ഒരു പ്രശ്നമേ അല്ലെന്നാണ് കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെടുന്നത്. നിലവിൽ ആശുപത്രിക്ക് 15 ഏക്കർ സ്ഥലം സ്വന്തമായുണ്ട്. കൂടാതെ റെയിൽവേയുടെ 25 ഏക്കർ ഇതിനോട് ചേർന്നുണ്ട്. റെയിൽവേക്ക് പ്രയോജനവുമില്ലാതെ കിടക്കുന്ന ഈ സ്ഥലം ആശുപത്രിക്കായി വിട്ടുകിട്ടാൻ പ്രയാസപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു.
എഴുകോണിലോ ആശ്രാമത്തോ എവിടെയാണ് മെഡിക്കൽ കോളജ് സ്ഥാപിതമാകുകയെനന്നതാണ് ഇനി കാത്തിരിക്കാനുള്ളത്. ഒപ്പം, ജില്ലയെ പ്രതിനിധീകരിക്കുന്ന രണ്ട് പാർലമെന്റ് അംഗങ്ങൾ തമ്മിലെ ശീത സമരത്തിലേക്കുകൂടി കാര്യങ്ങൾ എത്തുമോയെന്നതും ചോദ്യമായി ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.