കോവിഡ് ചികിത്സയിൽ ഇ.എസ്.െഎ അനാസ്ഥ: ഹൈകോടതി വിശദീകരണം തേടി
text_fieldsകൊല്ലം: ഇ.എസ്.ഐ ഗുണഭോക്താക്കളായ തൊഴിലാളികൾക്ക് ഇ.എസ്.ഐ കോർപറേഷൻ മതിയായ കോവിഡ് ചികിത്സ സൗകര്യവും പ്രതിരോധ വാക്സിനും നൽകാത്തതിൽ അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ട് ഹൈകോടതി. മതിയായ ചികിത്സയും പരിശോധന സൗകര്യങ്ങളും വാക്സിനും നൽകുന്നില്ലെന്ന് കാട്ടി സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ.
ഇ.എസ്.ഐ അംഗങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തേണ്ടത് കോർപറേഷെൻറ ഉത്തരവാദിത്തമാണ്. കേരളത്തിൽ മാത്രം 11 ലക്ഷം തൊഴിലാളികളും കുടുംബാംഗങ്ങളുമായി 54 ലക്ഷത്തോളം ഗുണഭോക്താക്കൾ പദ്ധതിക്ക് കീഴിലുണ്ട്. ഏഴ് ഇ.എസ്.െഎ ആശുപത്രിയും 235 ഡിസ്പെൻസറിയും കേരളത്തിലുണ്ടെങ്കിലും കോവിഡ് ചികിത്സയുടെ കാര്യത്തിൽ തൊഴിലാളികൾ തികഞ്ഞ അവഗണനയാണ് നേരിടുന്നതെന്ന് ഹരജിയിൽ പറഞ്ഞു. ഇ.എസ്.ഐ കോർപറേഷൻ നേരിട്ട് നടത്തുന്ന മൂന്ന് ആശുപത്രികളിൽപോലും ആർ.ടി.പി.സി.ആർ പരിശോധനാ സൗകര്യമോ വെൻറിലേറ്ററോടുകൂടിയ ഐ.സി.യു സൗകര്യമോ ഒരുക്കിയിട്ടില്ല. വാക്സിെൻറ കാര്യത്തിലും തികഞ്ഞ അവഗണനയാണ്.
സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് അടിയന്തരമായി വിശദീകരണം നൽകാൻ ജസ്റ്റിസ് ടി.ആർ. രവി ഉത്തരവായി. ഹരജിക്കാരനുവേണ്ടി സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മുരളി മടന്തകോട് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.