കൊല്ലത്തിനുവേണ്ടി പ്രവർത്തിച്ചു, ആത്മാർഥമായി
text_fieldsകൊല്ലവുമായി എനിക്കേറെ ആത്മബന്ധമുണ്ട്. 1980ൽ ബ്യൂറോക്രാറ്റ് കുപ്പായം ഉപേക്ഷിച്ച ശേഷം മൂന്ന് വർഷങ്ങളോളം കശുവണ്ടി മേഖലയിൽ ട്രേഡ് യൂനിയനുമായി കൊല്ലത്ത് സജീവമായിരുന്നു. കാപെക്സ് എന്ന മഹത് സഹകരണ പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത കാലം. ഇതുകൂടാതെ വർക്കലയിൽ ശിവഗിരി കേന്ദ്രമായുള്ള വികസനവുമായി ബന്ധപ്പെട്ട് ശ്രീനാരായണീയരുമായി അടുത്ത ബന്ധം സ്ഥാപിക്കാനായതും കൊല്ലത്തെ പ്രവർത്തനങ്ങളുടെ ഭാഗമായാണ്. അങ്ങനെ തുടരുന്നതിനിടയിലാണ് 1984ൽ ലോക്സഭയിലേക്ക് കൊല്ലത്തിന്റെ പ്രതിനിധിയായി മത്സരിക്കാൻ കോൺഗ്രസ് അവസരം നൽകിയത്. ഇടതുപക്ഷ സ്ഥാനാർഥിയായി ശക്തനായ ട്രേഡ് യൂനിയൻ നേതാവ് ആർ.എസ്. ഉണ്ണിയായിരുന്നു എതിർപക്ഷത്ത്. ട്രേഡ് യൂനിയന്റെ സ്വന്തംമണ്ണിൽ സി.പി.എം, ആർ.എസ്.പി, സി.പി.ഐ കരുത്തിനെയായിരുന്നു നേരിട്ടത്. കൊല്ലം മണ്ഡലത്തിൽ കോൺഗ്രസ് വോട്ട് അന്ന് ഏകദേശം 25 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. പാർട്ടിക്കതീതമായ വോട്ട് സ്വരൂപിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിക്ക് മാത്രമേ ജയിക്കാൻ കഴിയൂ. അതിശക്തമായ പ്രവർത്തനത്തിലൂടെയാണ് അന്ന് ആദ്യ പോരാട്ടത്തിൽ തന്നെ ജയിക്കാൻ സാധിച്ചത്.
കൊല്ലത്തെ ജനങ്ങൾ എന്നെ സ്വീകരിക്കുകയായിരുന്നു. ഒരുപക്ഷേ, കേരളത്തിൽ ആദ്യമായി ഒരു എം.പി സുസജ്ജമായ ഓഫിസ് സ്ഥാപിച്ചത് അന്ന് കൊല്ലത്തായിരുന്നു. ആറ് മാസം കഴിഞ്ഞ് മന്ത്രി ആയപ്പോഴും ആഴ്ചയിൽ രണ്ട് -മൂന്ന് ദിവസം കൊല്ലത്ത് എത്തുമായിരുന്നു. കൊല്ലത്ത് ബൈപാസ്, ആലപ്പാട്, കായംകുളം ഫിഷിങ് ഹാർബർ എന്നിവയെല്ലാം നേരിട്ട് നോക്കിനടത്തി യാഥാർഥ്യമാക്കിയവയാണ്. 89ലെയും 91ലെയും തെരഞ്ഞെടുപ്പുകളിലും കൊല്ലത്തെ ജനങ്ങൾ എന്നെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്തതോടെ 12 വർഷത്തോളം ഈ നാടിനെ സേവിക്കാനായി. അക്കാലത്ത് ഒരു പത്രം നടത്തിയ സർവേയിൽ ഏറ്റവും ജനപിന്തുണയുള്ളതും മാതൃക പ്രവർത്തനം നടത്തുന്ന എം.പിയായി കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് ഞാനായിരുന്നു. കൊല്ലത്തിന്റെ വളർച്ചക്ക് ഒരു ദീർഘവീക്ഷണമുണ്ടായിരുന്നു. പദ്ധതികളും തയാറാക്കിയിരുന്നു. എന്നാൽ, ആഗ്രഹിച്ച വേഗത്തിൽ ആ വളർച്ചയിലേക്ക് എത്തിക്കാനായില്ല.
1996ൽ നാലാമതും മത്സരിച്ചു. അതു പക്ഷേ, എന്റെ രാഷ്ട്രീയപരമായ തെറ്റായിരുന്നു. ഞാൻ മാറിനിൽക്കണമായിരുന്നു. മൂന്നു തവണ കഴിയുമ്പോൾ സ്വാഭാവികമായും ഒരു വിരുദ്ധ തരംഗം ഉണ്ടാകും. പിന്നെ തെറ്റായ ആരോപണങ്ങൾ എന്റെ നേർക്ക് ഉണ്ടായി. വ്യവസായി രാജൻപിള്ള ജയിലിൽ കിടന്ന് മരിച്ച സാഹചര്യമായിരുന്നു. കേന്ദ്രത്തിൽ മന്ത്രിയായിട്ടും അദ്ദേഹത്തെ സഹായിച്ചില്ല എന്നായിരുന്നു പ്രചാരണം. അന്ന് ഞാൻ സഹമന്ത്രിയാണ്. കേന്ദ്രമന്ത്രി ആയിരുന്ന കെ. കരുണാകരന് പോലും സഹായിക്കാനായില്ല. കോടതി ശിക്ഷിച്ച് ജയിലിൽ കിടക്കുന്നയാളെ എങ്ങനെയാണ് സഹായിക്കാനാകുന്നത്. ആകസ്മികമായി അദ്ദേഹം മരിച്ചു. അത് എന്നെ തോൽപ്പിക്കാനായി പലരും ഉപയോഗിച്ചു, പ്രത്യേകിച്ച് കോൺഗ്രസ് ഐ വിഭാഗത്തിലെ ചില നേതാക്കൾ. അതിനു പിന്നിൽ പ്രധാനപ്പെട്ട ചില നേതാക്കളും ഉണ്ടായിരുന്നു.
എന്റെ വളർച്ച കുറച്ചുവേഗത്തിൽ ആയിപ്പോയി, അതിനാൽ എന്നെ ഒതുക്കാൻ അവർ ആഗ്രഹിച്ചിരുന്നു. ഐ വിഭാഗത്തിലെ ഒരു വിഭാഗം യോഗം ചേർന്ന് എന്നെ തോൽപ്പിക്കാൻ തീരുമാനം എടുത്തിരുന്നു. ഇതെല്ലാം മനസ്സിലാക്കിയ ഞാൻ ആ തവണ നിൽക്കരുതായിരുന്നു. നിൽക്കേണ്ട എന്ന് ആലോചിച്ചിരുന്നു. എന്നാൽ, കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് തന്നെ പാർട്ടി നിർദേശിച്ചാൽ നിൽക്കണം എന്ന് നിർബന്ധിച്ചതോടെയാണ് മനസ്സില്ലാമനസ്സോടെ, തോൽക്കുമെന്ന് ഉറപ്പിച്ചു തന്നെ അന്ന് നിന്നത്. നീന പിള്ളയെ സ്ഥാനാർഥിയായി കൊണ്ടുവരുകയും ചെയ്തു. കാഷ്യൂ ബോർഡ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം പലകാരണങ്ങളാൽ നടപ്പാക്കാനായില്ല. ആ വാഗ്ദാനം നിറവേറ്റിയില്ല എന്ന് കശുവണ്ടി മേഖലയിൽ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ എതിരാളികൾ വിജയിച്ചതോടെയാണ് അന്ന് തോൽവി ഏറ്റുവാങ്ങിയത്. ആ തവണ മാറിനിന്നിരുന്നെങ്കിൽ തെറ്റിദ്ധാരണകൾ മാറ്റി പിന്നീട് തിരിച്ചെത്താമായിരുന്നു. രാഷ്ട്രീയത്തിൽ എപ്പോൾ മുന്നോട്ടുപോകണം എപ്പോൾ പിൻവാങ്ങണം എന്നത് ഓരോ രാഷ്ട്രീയക്കാരനും തീരുമാനിക്കേണ്ടതാണ്. അതിൽ എന്റെ ചുവടുതെറ്റിപ്പോയി. ഇതാണ് കൊല്ലവുമായി ബന്ധപ്പെട്ട എന്റെ ജീവിതത്തിലെ ഏട്.
ആത്മാർഥമായ പ്രവർത്തനം കൊല്ലത്തിനുവേണ്ടി കാഴ്ചവെച്ചിട്ടുണ്ട് എന്ന് പറയാനാകും. ആയിരക്കണക്കിന് പേർക്ക് എം.പി സ്ഥാനം ഉപകരിച്ചിട്ടുണ്ട്. ചെയ്യാൻ കഴിയുന്ന വികസനപ്രവർത്തനങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. കൊല്ലത്തെക്കുറിച്ചും അവിടത്തെ ആളുകളെ കുറിച്ചും ഇന്നും ഊഷ്മളമായ ഓർമകളാണുള്ളത്. ഇന്നും കൊല്ലംകാർ ഓരോ ആവശ്യങ്ങളുമായി വരുമ്പോൾ ചെയ്യാൻ കഴിയുന്നത് ചെയ്തുനൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.