നാട്ടാനകൾ ചരിയുന്നത് എരണ്ടകെട്ട് മൂലമെന്ന് വിദഗ്ദർ
text_fieldsകൊല്ലം: സംസ്ഥാനത്ത് വ്യാപകമായി നാട്ടാനകൾ ചരിയുന്നത് അശാസ്ത്രീയ എരണ്ടകെട്ട് മൂലമാണന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും ജന്തു ദ്രോഹ നിവാരണ സമിതിയും സംയുക്തമായി നടത്തിയ നാട്ടാന പരിപാലന ശില്പശാല. ആന ചമയങ്ങളുടെ ഭാരം 100 കിലോയായി കുറയ്ക്കണമെന്നും ശില്പശാല ആവശ്യപെട്ടു.
ആനകളുടെ ക്ഷേമത്തിന് ഊന്നൽ നൽകുന്ന സമഗ്ര പരിഷ്കരണം വേണം. രണ്ടു പതിറ്റാണ്ടിനിടയിൽ നാട്ടാനകളുടെ എണ്ണം പകുതിയായി കുറഞ്ഞു.
ഓരോ വർഷവും പത്തോളെ ആനകൾ ചരിയുന്നു. മുൻകെട്ട്, ഇടക്കെട്ട്, പിൻകെട്ട് എന്നിങ്ങനെയുള്ള എരണ്ടകെട്ട് മൂലമാണ് ആനകൾ കൂടുതലും ചരിയുന്നതെന്നാണ് പൊതു നിഗമനം.
കരൾരോഗം മുതൽ പാദരോഗം വരെ മരണകാരണമാവുന്നുണ്ട്. രോഗനിർണയത്തിന് മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ ആനകൾക്ക് ആവശ്യമാണ്. സംസ്ഥാനത്ത് 466 നാട്ടാനകളാണിപ്പോഴുള്ളത്. ആനകളുടെ ചികിത്സക്കും മദപ്പാട് കൈകാര്യം ചെയ്യുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുമൊക്കെ വെറ്ററിനറി ഡോക്ടർമാർ നിയന്ത്രിക്കുന്ന മെഡിക്കൽ ബോർഡ് വേണം.
കൃത്യമായ ഇടവേളകളിൽ ആനകളുടെ കൊമ്പുമുറിക്കണം. രണ്ട് വർഷത്തിലൊരിക്കൽ മാത്രം കൊമ്പു മുറിക്കാം എന്ന നിയമം പൊളിച്ചെഴുതണം. ഉത്സവകാലത്ത് അമ്പലപ്പറമ്പുകളിൽ ആനകളുടെ പുറത്ത് കയറ്റുന്ന ചമയങ്ങളുടെ ഭാരം അധികമാണെന്നും അത് ലഘൂകരിക്കണമെന്നും ആന ഉടമകൾ ആവശ്യപ്പെട്ടു.
ഉത്സവപറമ്പിലെ ലേസർ ലൈറ്റുകളുടെയും ഡി.ജെ പോപ്പറുകളുടെയും അതിപ്രസരം ആനകളെ പ്രകോപ്പിപ്പിക്കുന്നുണ്ട്. ആനപ്രേമികളുടെ അമിത ഇടപെടലുകളും പ്രശ്നങ്ങളുണ്ടാക്കുന്നു.
നാസിക് ഡോൾ, തംബോല, ശിങ്കാരിമേളം എന്നിവ ആന എഴുന്നള്ളിപ്പിൽ ഒഴിവാക്കണം. ഉത്സവ സീസണുകളിൽ അല്ലാതെ ആനകളെ കെട്ടിയിടുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ദിവസവും ഏഴു കിലോമീറ്റർ എങ്കിലും ആനകൾ നടക്കണമെന്നാണ് ശാസ്ത്രം. പാപ്പന്മാർക്കുള്ള പരിശീലനം കൃത്യമായ ഇടവേളകളിൽ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടത്തണം. ശില്പശാല എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. ഡോ.കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന മൃഗക്ഷേമ ബോർഡംഗം ഹണി ബഞ്ചമിൻ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. എസ്. അനിൽകുമാർ, ജില്ല മൃഗാശുപത്രി മേധാവി ഡോ. ഡി. ഷൈൻകുമാർ, ഫോറസ്റ്റ് അസി. കൺസർവേറ്റർ കോശി ജോൺ, ഡോ. ഇ.കെ. ഈശ്വരൻ, ഡോ. ബി. അരവിന്ദ്, ഡോ. ബി. അജിത് ബാബു, ഡോ. ശ്യാം സുന്ദർ, ഡോ. എസ്. അഫ്സൽ, ഡോ. അജിത്, ആന ഉടമ ഫെഡറേഷൻ ഭാരവാഹികളായ ചന്ദ്രചൂഡൻപിള്ള, പുത്തൻകുളം ഷാജി എന്നിവർ സംസാരിച്ചു.
അച്ചൻകോവിൽ വനത്തിൽ ആനയുടെ അസ്ഥികൂടം
പുനലൂർ: അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിനോട് ചേർന്നുള്ള വനത്തിലെ പാറയിടുക്കിൽ കാട്ടാനയുടെ അസ്ഥികൂടം കണ്ടെത്തി. 25 ഓളം വയസ് പ്രായം കണക്കാക്കുന്ന മോഴ ആനയുടെ അവശിഷ്ടങ്ങളാണ് ബുധനാഴ്ച വൈകിട്ട് അച്ചൻകോവിൽ വനം റേഞ്ച് അധികൃതർ കണ്ടെത്തിയത്. ജഡത്തിന് ഒന്നരമാസത്തെ പഴക്കമുണ്ട്. മാംസഭാഗം പൂർണമായി അഴുകി എല്ലുംതോലും മാത്രമാണ് അവശേഷിക്കുന്നത്. ആനയുടെ രണ്ടു തേറ്റയും കണ്ടെത്തി.
കഴിഞ്ഞ വർഷവും ഇതിനടുത്ത് മറ്റൊരു കാട്ടാന ഇതേ നിലയിൽ ചരിഞ്ഞിരുന്നു. കഴുതുരുട്ടി മൃഗാശുപത്രിയിലെ ഡോക്ടർ എത്തി പോസ്റ്റുമോർട്ടം നടത്തി വ്യാഴാഴ്ച വൈകുന്നേരത്തോടെ ആനയുടെ ജഡം സംസ്കരിച്ചു.
പാറപ്പുറത്ത് നിന്നും താഴേക്ക് വീണ് ചത്തതാകമെന്ന നിഗമനത്തിലാണ് അധികൃതർ. അച്ചൻകോവിൽ ഡി.എഫ്.ഒ എസ്. അനീഷ്, റേഞ്ച് ഓഫിസർ മുഹമ്മദ് സബീർ എന്നിവരുടെ മേൽനോട്ടത്തിൽ മൃഗഡോക്ടർ മാരായ ഡോ. അനസ്, ബി.എച്ച്. സിനി, ശ്യാം ചന്ദ്രൻ എന്നിവർ പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകി.
നാലു ദിവസം മുമ്പ് തെന്മല വനം റേഞ്ചിലെ നാഗമലയിൽ റബർ എസ്റ്റേറ്റിനോട് ചേർന്ന് ഒരു പുള്ളിപുലി ചത്തിരുന്നു.
ഇതിന്റെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. കൊടുംവരൾച്ച കാരണം വനത്തിൽ ആവശ്യത്തിന് കുടിവെള്ളവും തീറ്റയും ഇല്ലാത്തത് വന്യമൃഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളവും തീറ്റയും തേടി മൃഗങ്ങൾ ഈ പ്രദേശത്തെ ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും എത്തി നാശം വരുത്തുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.