കൊല്ലത്ത് വന്യജീവി ആക്രമണം തടയാൻ വിപുല പദ്ധതികൾ
text_fieldsഅഞ്ചൽ: വന്യജീവി ആക്രമണം തടയുന്നതിന് പുനലൂർ നിയോജക മണ്ഡലത്തിൽ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത അവലോകന യോഗത്തിൽ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ കൂടുതൽ ദുരിതമനുഭവിക്കുന്ന പഞ്ചായത്തുകളായ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ എന്നീ പഞ്ചായത്തുകളിൽ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി യോഗങ്ങളും നടപടികളും നടന്നുവരുന്നതിന്റെ തുടർച്ചയായാണ് യോഗം ചേർന്നത്.
തെന്മല ഗ്രാമപഞ്ചായത്തിൽ 3.50 കോടിയുടെ പദ്ധതിയാണ് എട്ട് ഘട്ടങ്ങളായി നടപ്പാക്കാൻ തയാറാക്കിയിട്ടുള്ളത്. ആദ്യഘട്ടം എന്ന നിലയിൽ 45 ലക്ഷം രൂപയുടെ പ്രോജക്ട് നടപ്പാക്കും.
അഞ്ചൽ റേഞ്ച് ഓഫിസിന്റെ പരിധിയിൽ 4.61 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടാണ് തയാറാക്കിയത്. അതിൽ 26 ലക്ഷം രൂപയുടെ അടിയന്തര പ്രവൃത്തികൾ ഉടൻ നടപ്പാക്കും.
കുളത്തൂപ്പുഴ പഞ്ചായത്തിൽ 14.50 ലക്ഷം രൂപയുടെ ആദ്യഘട്ട പദ്ധതികളും പത്തനാപുരം റേഞ്ച് ഉൾപ്പെട്ട് വരുന്ന തെന്മല പഞ്ചായത്തിലെ ഭാഗങ്ങളിൽ 45 ലക്ഷം രൂപയുടെ പദ്ധതികളും ആര്യങ്കാവ് പഞ്ചായത്തിൽ 68 ലക്ഷം രൂപയുടെ ആദ്യഘട്ട പദ്ധതികളുമാണ് നടപ്പാക്കുന്നത്. ഇതിലേക്ക് ആവശ്യമായ ഫണ്ട് വകയിരുത്താൻ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിന്റെ റിവിഷനിൽ ഉൾപ്പെടുത്തി സംയുക്തമായി പദ്ധതികൾ നടപ്പാക്കും.
ആനശല്യം ഒഴിവാക്കാൻ ഫലപ്രദമായ മാർഗം എന്ന നിലയിൽ കിടങ്ങുകൾ നിർമിക്കാനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ പഞ്ചായത്തുകളും പദ്ധതി സമർപ്പിച്ചിട്ടുണ്ട്. സോളാർ ഫെൻസിങ്, ഹംഗിങ് സോളാർ, കിടങ്ങുകൾ തുടങ്ങിയവയും വന്യജീവി ആക്രമണ ഭീഷണി നിലനിൽക്കുന്ന മേഖലകളിൽ നടപ്പാക്കും. തെന്മല കേന്ദ്രമായി അനുവദിക്കുന്ന പുതിയ ആർ.ആർ.ടിയുടെ പ്രവർത്തനത്തിലേക്കായി വാഹനം വാങ്ങാനുള്ള തുക എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് നൽകും.
ആർ.ആർ.ടി ടീമിനെ സഹായിക്കാൻ വാർഡ് തലത്തിൽ സമിതികൾ രൂപവത്കരിക്കും. ഇവരെ ബ്ലോക്ക് പഞ്ചായത്ത് പരിശീലിപ്പിക്കും.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സൈഫുദ്ദീൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ഇ.കെ. സുധീർ, എൻ. കോമളകുമാർ, ലേഖ, റെജി ഉമ്മൻ, റീന ഷാജഹാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.