വ്യാജ ബോംബ് ഭീഷണി: അന്വേഷണം ഊർജിതം
text_fieldsകൊല്ലം: സിവിൽ സ്റ്റേഷനിൽ ഏഴിടത്ത് ബോംബ് വെച്ചതായി ഭീഷണിക്കത്ത് വന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മൂന്ന് മണിക്കൂറിലധികമാണ് ജില്ലയുടെ ഭരണസംവിധാനത്തെ വ്യാജ കത്തിലൂടെ മുൾമുനയിൽ നിർത്തിയത്.
കത്തുകളുടെ പൊതുസ്വഭാവം വിലയിരുത്തുമ്പോള്‍ കോടതിക്കാര്യങ്ങളിൽ നല്ല പരിചയമുള്ളയാണ് കത്തെഴുതിയതെന്നാണ് ലഭിക്കുന്ന സൂചന. ഒരു വ്യക്തി ജില്ല ജഡ്ജിയായ കാലം കേന്ദ്രീകരിച്ചുള്ളതാണ് കത്തുകള്‍. അദ്ദേഹത്തിന്റെ കാലത്ത് കോടതിയിൽനിന്ന് എതിർ വിധി ലഭിച്ചയാളോ, അല്ലെങ്കിൽ കോടതി നടപടി നേരിട്ടയാളോയാണ് പിന്നിലെന്ന് സംശയമുണ്ട്.
കത്തുകൾ കൈയെഴുത്ത് വിദഗ്ധരെ കൊണ്ട് പരിശോധിക്കും. ശാസ്ത്രീയ പരിശോധനയുള്‍പ്പെടെ നടത്തും. പ്രതി മറ്റൊരാളെകൊണ്ട് എഴുതിപ്പിച്ചതാകാനും സാധ്യതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ്, എ.സി.പി എ.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബോംബ് ഭീഷണിയുമായി ലഭിച്ച കത്തിലുള്ള അതേ കൈയക്ഷരത്തിൽ 2019 മുതൽ പലതവണ കത്തുകൾ പല ഓഫിസുകളിലും വന്നിട്ടുള്ളതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച വന്ന കത്തിൽ പരാമർശിച്ചിരുന്ന സ്ത്രീയുടെ പേരും മേൽവിലാസവുമാണ് മുമ്പും ഉപയോഗിച്ചിരുന്നത്. ജീവനക്കാരെ കുറിച്ചുള്ള പരാതികൾ ആയിരുന്നു പലതിന്റെയും ഉള്ളടക്കം. പലതും ലൈംഗിക ചുവയോടെയാണ് ഉള്ളതുമായിരുന്നു. ജീവനക്കാരും പൊലീസും ഇത് കാര്യമാക്കി എടുത്തിരുന്നില്ല.
എന്നാൽ, വിഷയം ഭീഷണിയിലേക്ക് മാറുകയും സിവിൽ സ്റ്റേഷനിൽ ജഡ്ജിയെ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ച് മണിക്കൂറുകൾ പരിശോധന നടത്തേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് ഊർജിത അന്വേഷണത്തിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.