‘കള്ളവോട്ടായി’ സമാനപേരുകാർ
text_fieldsകൊല്ലം: കള്ളവോട്ട് പരാതികൾ യർന്നപ്പോൾ മിക്കതിലും വില്ലനായത് സമാന പേരുകൾ. ആളിന്റെ പേരും വീട്ടുപേരും ഒരുപോലെയുള്ളവർ മാറി വോട്ടുചെയ്തതാണെന്ന് വിവിധയിടങ്ങളിൽ പരാതി വരാനിടയാക്കിയത്. സ്ലിപ് നൽകുമ്പോൾ ക്രമനമ്പർ തെ റ്റായി രേഖപ്പെടുത്തിയത് മുതൽ ഉദ്യോഗസ്ഥർ ഫോട്ടോയും വിവരങ്ങളും ശ്രദ്ധിക്കാത്തതും വരെ ചേർന്നപ്പോൾ ആണ് ഇത്തരം ‘കള്ളവോട്ട്’ സംഭവിച്ചത്.
കൊല്ലം എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ് വോട്ട് ചെയ്ത പട്ടത്താനം യു.പി സ്കൂൾ പോളിങ് സ്റ്റേഷനിലെ ബൂത്തിൽ സമാന സംഭവം രാവിലെ ഉണ്ടായി. 50ാം നമ്പർ ബൂത്തിൽ 18ാം ക്രമനമ്പറായ കൊല്ലം ആശാരിയഴികം വീട്ടിൽ സജിനയുടെ വോട്ട് സമാനപേരും വീട്ടുപേരുമുള്ള യുവതി രേഖപ്പെടുത്തി. രാവിലെ ഒമ്പതിന് ബൂത്തിൽ ക്യൂനിന്ന് അകത്ത് കയറിയപ്പോൾ വോട്ട് ഇട്ടുകഴിഞ്ഞതായി പറഞ്ഞ് സജിനയെ ഉദ്യോഗസ്ഥർ ഇറക്കിവിട്ടു.
പ്രതിഷേധവുമായി സ്ലിപ് നോക്കുന്ന സ്ഥലത്ത് സജിന എത്തിയതോടെയാണ് ഉദ്യോഗസ്ഥരും ഒറിജിനൽ വോട്ടർ ആണെന്ന് തിരിച്ചറിഞ്ഞത്. അതേബൂത്തിൽ വീട്ടുപേരും പേരും സമാനമായുള്ള മറ്റൊരു സജിന ഉണ്ടെന്ന് കണ്ടെത്തി.
ക്രമനമ്പർ തെറ്റിയുള്ള സ്ലിപ്പ് ഫോട്ടോ ഒത്തുനോക്കാതെ പോളിങ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യിച്ചതാണെന്നും സംശയമുയർന്നതോടെ ഇവരെ വിളിച്ചുവരുത്തി ഉറപ്പിച്ചാൽ വോട്ട് ചെയ്യാൻ അനുവദിക്കാമെന്നായി. ജോലിക്ക് പോകാനുള്ള സമയം അതിക്രമിച്ചത് കാരണം ‘യഥാർഥ’ സജിന വോട്ടിടാതെ തിരിച്ചുപോയി.
മയ്യനാട് വെള്ളമണലിൽ മറ്റൊരു ബൂത്തിൽ കയറി സമാനപേരുകാരന്റെ വോട്ടിട്ട സംഭവവുമുണ്ടായി. ചവറ മേഖലയിൽ ബൂത്തിനകത്ത് ഇരിക്കുകയായിരുന്ന ബി.ജെ.പി ഏജന്റിന്റെ വോട്ട് മാനസിക വെല്ലുവിളിയുള്ള സമാനപേരുകാരൻ ഇട്ട സംഭവവും അരങ്ങേറി.
പേരും വീട്ടുപേരും സമാനമായത് പോളിങ് ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞപ്പോൾ ഈ ഏജന്റ് ഉൾപ്പെടെ മാർക്ക് ചെയ്തിരുന്നു. എന്നാൽ, വോട്ട് വീണതിന് ശേഷമാണ് അമളി മനസിലാക്കിയത്.
ചവറ പുത്തൻതുറയിൽ 118ാം നമ്പർ ബൂത്തിൽ ആശ പല്ലാടിക്കൽ എന്ന വനിതയുടെ വോട്ട് കോൺഗ്രസ് ബൂത്ത് ഏജന്റായ ആശ ഇട്ടത് മനപൂർവമാണെന്ന് ആരോപിച്ച് പ്രതിഷേധമുയരുകയും ഔദ്യോഗിക പരാതി പോകുകയും ചെയ്തു. ‘കള്ളവോട്ടുകൾ’ കാരണം വോട്ടവസരം നഷ്ടമായെന്ന് പരാതിപ്പെട്ടവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.