ഇടിഞ്ഞിറങ്ങുന്നത് രാജന്റെ സ്വപ്നമാണ്
text_fieldsകൊല്ലം: നഗരത്തിലെ കച്ചവടക്കാർക്ക് നഷ്ടക്കണക്കായി മാറിയ കല്ലുപാലം നിർമാണം നൽകിയ തിരിച്ചടിയിൽ നിന്ന് ഒരായിരം സ്വപ്നങ്ങളുടെ കൈപിടിച്ച് കരകയറാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു രാജൻ. എന്നാൽ, കൊല്ലം തോടിന്റെ സംരക്ഷണഭിത്തി നിർമാണം തുടങ്ങിയതോടെ ആ സ്വപ്നങ്ങളെല്ലാം ഇടിഞ്ഞിറങ്ങുന്നത് കണ്ട് നിസഹായനായി നിൽക്കാനെ ഈ വ്യാപാരിക്ക് കഴിയുന്നുള്ളു.
കൊല്ലം തോടിന് കുറുകെയുള്ള കല്ലുപാലത്തിന് തൊട്ടടുത്തായി രാജൻ ഫ്ലവർ മാർട്ട് ആൻഡ് ലക്കി സെന്റർ നടത്തുന്ന അദ്ദേഹത്തിന് രണ്ട് മാസത്തോളമായി ഉറക്കമില്ലാത്ത രാത്രികളാണ്. നേരം പുലർന്ന് എത്തുമ്പോൾ തന്റെ കട ഇടിഞ്ഞുവീഴാതെ ബാക്കിയുണ്ടാകുമോ എന്ന ആശങ്കയിൽ ദിനവും കഴിച്ചുകൂട്ടുകയാണ് ഹൃദ്രോഗികൂടിയായ രാജൻ.
കൊല്ലം തോടിന്റെ സംരക്ഷണഭിത്തി നിർമാണത്തിന് മണ്ണെടുത്തതോടെയാണ് തോട്ടിന്റെ കരയോട് ചേർന്നിരിക്കുന്ന രാജന്റെ കടയുൾപ്പെടെ കെട്ടിടങ്ങളുടെ അടിസ്ഥാനം ബലക്ഷയമുണ്ടായി ഭിത്തിയും തറയുമുൾപ്പെടെ ഇടിഞ്ഞത്. ദുർബലമായ അടിത്തറയും ഇളകിമാറിയ ഭിത്തിയുമായി നിൽക്കുന്ന കട ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലായതോടെ കച്ചവടവും നിലച്ചു.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മണ്ണ് കൂടുതൽ ഇടിഞ്ഞതോടെ കട പൂർണമായും തകർന്ന് കടുത്ത പ്രതിസന്ധിയാണ്നേരിടുന്നത്. സാമ്പത്തികമായി കഷ്ടതയിലുള്ള രാജന് കട പുനർനിർമിക്കാൻ യാതൊരു മാർഗവുമില്ല.
രാജന്റെ പിതാവ് ശ്രീധരൻ 1945 മുതൽ ഇവിടെ കട നടത്തിയിരുന്നു. സ്വന്തമായി വാങ്ങിയ സ്ഥലത്ത് പിതാവിന്റെ പാത പിന്തുടർന്ന് കച്ചവടംനടത്തിവരവെ കല്ലുപാലം നിർമാണം നടന്ന കാലത്ത് കച്ചവടം നഷ്ടമായി ദുരിതത്തിലായി.
തുടർന്ന് പാലം ഉദ്ഘാടനത്തിന് ശേഷം ക്വയിലോൺ ഡിസ്ട്രിക് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തകർന്ന കട പുനനിർമിച്ച് നൽകി വീണ്ടും കച്ചവടത്തിന് വഴി തുറക്കുകയായിരുന്നു. കട പുനർനിർമിച്ച് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്വയിലോൺ ഡിസ്ട്രിക് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എം. മുകേഷ് എം.എൽ.എ, ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടർ ഉൾപ്പെടെ ഉള്ളവരെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.