പച്ചക്കറി കൃഷി ചേലക്കരയുടെ പ്രതാപത്തിന് മങ്ങൽ
text_fieldsചേലക്കരയിൽ കൃഷി ഉപേക്ഷിച്ച പച്ചക്കറി പന്തലുകളിലൊന്ന്
ചേലക്കര: ജില്ലയിലെ പ്രധാന പച്ചക്കറി ഉൽപാദന മേഖലയെന്ന പ്രതാപം ചേലക്കരക്ക് അന്യമാവുന്നു. എളനാട്, വെന്നൂർ, കുമ്പളക്കോട്, പുലാക്കോട്, പങ്ങാരപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണം കൂടുകയാണ്. പുതുതലമുറ കൃഷിയിലേക്ക് വരാൻ തയാറാകാത്തതിന് പുറമെ കാലാവസ്ഥ വ്യതിയാനവും വന്യജീവിശല്യം കൂടുന്നതും കാരണമാണ്.
വന്യജീവികളെ തുരത്താൻ വൈദ്യുതിവേലി സ്ഥാപിക്കുന്ന പ്രവൃത്തി നാമമാത്രമായാണ് നടന്നത്. കാട്ടുപന്നി, കുരങ്ങ്, മയിൽ തുടങ്ങി കാട്ടാന വരെ ഇറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കുകയാണ്. ഒരുകൂട്ടം കർഷകർ പച്ചക്കറി ഉൽപാദനത്തിൽനിന്ന് നാണ്യ വിളകളിലേക്ക് തിരിഞ്ഞു.
പയർ, പാവക്ക, വെള്ളരി, കുമ്പളം, കോവക്ക, പടവലം, നേന്ത്രക്കായ തുടങ്ങിയ പച്ചക്കറികളാണ് പ്രധാനമായും ഇവിടെ ഉൽപാദിപ്പിച്ചിരുന്നത്. മുൻകാലങ്ങളിൽ പച്ചക്കറി വൻതോതിൽ സംഭരിച്ച് സംസ്ഥാനത്തുടനീളം കയറ്റി അയച്ചിരുന്ന പൊട്ടൻകോട്, എളനാട് കുന്നുംപുറം വി.എഫ്.പി.സി.കെ സെന്ററുകളിൽ എത്തുന്ന പച്ചക്കറി മൂന്നിലൊന്നായി കുറഞ്ഞു. 2017-‘18 കാലയളവിൽ പൊട്ടൻകോട് വി.എഫ്.പി.സി.കെ 1300 ടൺ പച്ചക്കറി വിപണനം നടത്തി മൂന്നേമുക്കാൽ കോടിയോളം രൂപ വരുമാനം ഉണ്ടാക്കിയിരുന്നു. 2018-‘19ൽ വിപണനം 2.28 കോടിയുടെതായി കുറഞ്ഞു. 2023-‘24ൽ ഇത് വെറും 81 ലക്ഷം രൂപയായി ഇടിഞ്ഞു. 261 ടൺ മാത്രമാണ് സംഭരിച്ച് വിപണനം നടത്തിയത്. എളനാട് കുന്നുംപുറം വി.എഫ്.പി.സി.കെ 2016-‘17 ൽ 800 ടൺ പച്ചക്കറി സംഭരിച്ച് വിപണനം നടത്തിയ ഒന്നരക്കോടി രൂപയോളം നേടിയെങ്കിൽ 2023-‘24ൽ 48 ലക്ഷം രൂപയായി കുറഞ്ഞു.143 ടൺ പച്ചക്കറി മാത്രമാണ് വിപണനം നടത്തിയത്. 310 കർഷകർ ഉണ്ടായിരുന്ന എളനാട് വി.എഫ്.പി.സി.കെയുടെ പരിധിയിൽ ഇപ്പോൾ 110 പേർ മാത്രം.
തങ്ങളെ സഹായിക്കുന്ന പദ്ധതികളൊന്നും കൃഷി വകുപ്പോ മറ്റ് സർക്കാർ സംവിധാനങ്ങളോ ആവിഷ്കരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. പച്ചക്കറി ഉൽപന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുന്നത് പോലുള്ള കാര്യങ്ങൾ നടപ്പായാൽ ഒരു പരിധിവരെ ഈ മേഖലയെ പിടിച്ചു നിർത്താനാവുമെന്ന് വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ ലാലു രാജീവ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.