വീണ്ടും ഉത്സവ സീസൺ; പ്രതീക്ഷയിൽ ടൂറിസം മേഖല
text_fieldsകൊല്ലം: വർഷാരംഭം മുതൽ കോവിഡ് തീർത്ത അനിശ്ചിതത്വവും ലോക്ഡൗണിെൻറ പലഘട്ടവും കടന്ന് വർഷാവസാനത്തിലെത്തുമ്പോൾ ജില്ലയുടെ വിനോദസഞ്ചാരമേഖല ഉണർവിൽ. പ്രധാന ഉത്സവ സീസണുകളായ ഓണവും വിഷും പെരുന്നാളുമെല്ലാം കോവിഡും സർക്കാർ നിയന്ത്രണങ്ങളുംമൂലം അനുകൂലമായിരുന്നില്ല. ലോക്ഡൗൺ ഇളവിെൻറ അവസാനഘട്ടം വിനോദസഞ്ചാരമേഖലക്ക് അനുകൂലമായതോടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം തുറന്നിരുന്നു. ഒടുവിൽ ഡിസംബറിൽ കൊല്ലം ബീച്ചും വിനോദസഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. അവധി ദിവസങ്ങളിൽ സാമാന്യം തിരക്ക് അനുഭവപ്പെടുന്നുണ്ട്. പൊലീസ് നിയന്ത്രണങ്ങളുണ്ടെങ്കിലും ആളുകൾ എത്തുന്നത് കച്ചവടക്കാർക്കും മറ്റും ആശ്വാസമാണ്.
ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾക്കായി വിപണിയിലും ഒരുക്കം തുടങ്ങി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ആളുകൾ എത്തുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികളേയും വയോധികരേയും പ്രവേശിപ്പിക്കാൻ നിയന്ത്രണമുണ്ട്. ലേക്ക് വാട്ടർ ടൂറിസത്തിനും അനക്കംവെച്ചുതുടങ്ങി. വിദേശ വിനോദ സഞ്ചാരികളെ അടുത്തൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ആഭ്യന്തര ടൂറിസം പരമാവധി അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ടൂറിസം പ്രമോഷൻ കൗൺസിലിെൻറ കീഴിലുള്ള കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണികളും നവീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
ക്രിസ്മസ്, ന്യൂയർ സമയങ്ങളിൽ ഹോട്ടലുകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന പതിവുണ്ട്. ഇക്കുറി പ്രോഗ്രാമുകൾ മിക്ക ഹോട്ടലുകളും ബുക്ക് ചെയ്തുകഴിഞ്ഞു. അമ്പത് പേരെ ഉൾക്കൊള്ളിച്ചുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടികൾ നടത്തുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന ആശങ്ക വിനോദസഞ്ചാര മേഖലയുടെ ഉണർവിന് മങ്ങലേൽപിക്കുന്നുണ്ട്. ലോക്ഡൗൺ ഇളവുകൾക്ക് ശേഷം വരുന്ന ഉത്സവ സീസണിൽ പ്രതീക്ഷയിലാണ് വിനോദസഞ്ചാര മേഖലയും ഇതോടനുബന്ധിച്ച വ്യാപാരമേഖലയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.