പനി വ്യാപകം: തെക്കൻ ജില്ലകളിൽ ഡെങ്കിപ്പനി ബാധിതർ, കൂടുതൽ കൊല്ലത്ത്
text_fieldsകൊല്ലം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പനി ബാധിച്ച് സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. മിക്ക ആശുപത്രികളിലും പനിബാധിതരാണ് ഐ.പി വിഭാഗത്തിലുള്ളവരിൽ അധികവും. മലയോര മേഖലയിലടക്കം വിവിധയിനം പനി പടരുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം സർക്കാർ ആശുപത്രികളിലെ ഒ.പി വിഭാഗത്തിൽ മാത്രം 778 പേർ ചികിത്സതേടി. 10 പേർ ഐ.പി വിഭാഗത്തിൽ ചികിത്സയിലുണ്ട്.
ഡെങ്കിപ്പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണവും കഴിഞ്ഞ ദിവസങ്ങളിൽ കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം 12 പേർക്കാണ് ജില്ലയിൽ ഡെങ്കി സ്ഥിരീകരിച്ചത്. 42 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ പരിശോധന ഫലം ബുധനാഴ്ച ലഭ്യമാവും.
തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിതർ കൂടുതൽ ചികിത്സതേടിയത് കൊല്ലത്താണ്. ഡെങ്കി സംശയിക്കുന്നവരുടെ എണ്ണവും മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊല്ലത്ത് ഉയർന്നനിലയിലാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ചടയമംഗലം, എഴുകോൺ, പവിത്രേശ്വരം, കടയ്ക്കൽ, കൊട്ടാരക്കര, കുളത്തൂപ്പുഴ, പൊഴിക്കര, ശൂരനാട്, തലച്ചിറ, വെളിയം, വിളക്കുടി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, പനിയടക്കം പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം നിലനിൽക്കെ മിക്ക തദ്ദേശസ്ഥാപനങ്ങളും മാലിന്യനിർമാർജനം, കൊതുകുനശീകരണം എന്നിവയിൽ വേണ്ടത്ര ജാഗ്രതപുലർത്തുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു.
പനിബാധിതർ കൂടുതലായുള്ള മേഖലകളിൽ ഇപ്പോൾ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഏന്നാൽ, പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും പൂർണതോതിൽ ശുചീകരണ-കൊതുകുനിർമാർജന പ്രവർത്തനങ്ങൾ നടക്കുന്നില്ല. നഗരങ്ങളിലടക്കം മഴക്കാലപൂർവ ശുചീകരണവും ഉറവിടത്തിലെ മാലിന്യനിർമാജനവും കാര്യക്ഷമമായി നടക്കാത്തതാണ് പ്രശ്നമാവുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എച്ച് 1 എന്‍1; കര്‍ശന ജാഗ്രത പാലിക്കണം
കൊല്ലം: ജില്ലയില്‍ എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കണമെന്നും യഥാസമയം ചികിത്സ തേടണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.എസ്. ഷിനു അറിയിച്ചു. എച്ച്1എന്‍1 ഇന്‍ഫ്ലുവന്‍സ വായുവിലൂടെ പകരുന്ന വൈറസ് രോഗമാണ്. പനി, ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകും.
സാധാരണക്കാരില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമുതല്‍ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാര്‍, രണ്ട് വയസിനു താഴെയുള്ള കുഞ്ഞുങ്ങൾ, മുതിര്‍ന്നവര്‍, മറ്റു ഗുരുതരരോഗങ്ങളുള്ളവര്‍ എന്നിവർ കൃത്യമായി ചികിത്സ തേടിയില്ലെങ്കില്‍ ഗുരുതരമാവുകയും മരണകാരണമാവുകയും ചെയ്യാം. ഈ വിഭാഗങ്ങളിലുള്ളവര്‍ പനിബാധിച്ചാല്‍ ഉടനെ വിദഗ്ധ ചികിത്സ തേടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
എച്ച്1 എന്‍1 ഇന്ഫ്ലുവന്സക്ക് ഫലപ്രദമായ ഒസല്‍ട്ടമാവിര്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനിനീരീക്ഷണം ശക്തമാക്കാനും എച്ച്1എന്‍1 ചികിത്സ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശ്രദ്ധിക്കാം
- രോഗലക്ഷണങ്ങളുള്ളവര്‍ വീടിനുള്ളില്‍ കഴിയുക, പൂര്‍ണ വിശ്രമമെടുക്കുക, സ്കൂള്‍, ഓഫിസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടു നില്ക്കുക.
- ചെറിയ കുട്ടികളില്‍ പനി, ഛര്‍ദി, അപസ്മാരലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടണം.
- പനിബാധിതര്‍ വീട്ടിലും പൊതുസ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കാനും ഇടക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകാനും മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കണം.
- രോഗശമനത്തിന് ഇളം ചൂടുള്ളതും പോഷകഗുണമുള്ളതുമായ പാനീയങ്ങള്‍ കുടിക്കുക. പോഷകാഹാരം കഴിക്കുക.
- പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.