മേയറുടെ ചേംബറിലെ തീപിടിത്തം; ദുരൂഹത നീങ്ങുന്നില്ല
text_fieldsകൊല്ലം: കോർപറേഷൻ ഓഫിസിൽ മേയർ പ്രസന്ന ഏണസ്റ്റിന്റെ ചേംബറിൽ മാസങ്ങൾക്ക് മുമ്പുണ്ടായ തീപിടിത്തത്തിന്റെ ചൂടാറുന്നില്ല. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലെത്തിയ അജൻഡയുടെ ചുവടുപിടിച്ച് മാസങ്ങൾക്ക് ശേഷം തീപിടിത്തം ചൂടുള്ള ചർച്ചക്ക് വഴിമരുന്നിട്ടു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മേയറും ഭരണ - പ്രതിപക്ഷ കൗൺസിലർമാരും ഒരുപോലെ ആരോപണമുയർത്തി.
2022 ആഗസ്റ്റ് 20 ന് രാവിലെ 5.30 ന് ചേംബറിൽ ഉണ്ടായ തീപിടിത്തത്തിൽ 25 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായി എന്ന പ്രാഥമിക സംശയത്തെ സാധൂകരിക്കുന്നതല്ല ഇലക്ട്രികൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് എന്ന് മേയർ പറഞ്ഞു.
റിപ്പോർട്ട് മേയർ കൗൺസിലിൽ വായിച്ചു. തീപിടിത്തത്തിൽ 203 ഫയലുകൾ പൂർണമായും 23 ഫയലുകൾ ഭാഗികമായും കത്തിനശിച്ചു എന്ന ഉദ്യോഗസ്ഥ റിപ്പോർട്ടിനെ മേയർ തള്ളി. നഷ്ടപ്പെട്ടു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്ന ഫയലുകൾ പലതും സുരക്ഷിതമായ ഓഫിസിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. ഈ ഫയലുകളും മേയർ യോഗത്തിൽ കാണിച്ചു. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും അവർ പറഞ്ഞു.
മേയറുടെ താമരക്കുളം ഡിവിഷന്റെ മിനിട്സ്ബുക്ക്, ജിയോ പോളുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ, ശിവകുമാർ എന്ന ജീവനക്കാരന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട ഫയൽ എന്നിവ ഉൾപ്പെടെ നശിച്ചു എന്നാണ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്.
എന്നാൽ ഈ ഫയലുകൾ എല്ലാം ഓഫിസിലുണ്ട്. തെറ്റായ റിപ്പോർട്ട് തയാറാക്കിയ ഉദ്യേഗസ്ഥനെതിരെ നടപടി സ്വീകരികും. റിപ്പോർട്ടിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായോയെന്ന് അന്വേഷണം വേണമെന്ന് മേയറും ഭരണപക്ഷ കൗൺസിലർമാരും ഉന്നയിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ കോൺഗ്രസും ബി.ജെ.പിയും നടത്തിയ പ്രതിഷേധങ്ങൾ ദുരൂഹത വർധിപ്പിക്കുന്നുവെന്ന് ഭരണപക്ഷത്ത് നിന്ന് പരാമർശം വന്നപ്പോൾ സംഭവത്തിന്റെ ദുരൂഹതയിലൂന്നി , കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷൻ ജോർജ് ഡി. കാട്ടിൽ ഉൾപ്പെടെ വിമർശനമുയർത്തി. മേയർ കസേരയുടെ മൂല്യം കാക്കണമെന്നും പറഞ്ഞു. കേസ് അന്വേഷണം ഇഴയുന്നതിനെതിരെയും വിമർശനമുയർന്നു.
വസ്തു, കെട്ടിട നികുതി വർധന സംബന്ധിച്ച് അടുത്ത കൗൺസിലിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഡിവിഷനുകളിൽ എൽ . ഇ.ഡി ലൈറ്റ് സ്ഥാപിക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയും ചർച്ചയായി.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ജയൻ, ഹണി ബഞ്ചമിൻ, ജി. ഉദയകുമാർ, യു . പവിത്ര , കൗൺസിലർമാരായ പ്രിയദർശൻ, സജീവ്, പുഷ്പാംഗദൻ, സന്തോഷ്, ഗിരീഷ്, ആശ, നൗഷാദ്, കുരുവിള ജോസഫ്, ടി.പി. അഭിമന്യു, സുമി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.