ഡീസന്റ്മുക്കിലെ കശുവണ്ടി ഫാക്ടറിയിൽ തീപിടിത്തം
text_fieldsകശുവണ്ടി ഫാക്ടറിയിലെ തീപിടിത്തം അഗ്നിരക്ഷാസേന നിയന്ത്രണ വിധേയമാക്കുന്നു
കല്ലമ്പലം: ഡീസന്റ് മുക്കിലെ കശുവണ്ടി ഫാക്ടറിയിൽ തീപിടിത്തം. കൊല്ലം കടപ്പാക്കട ലക്ഷ്മിഭദ്രയിൽ പി.സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീലക്ഷ്മി കശുവണ്ടി ഫാക്ടറിയിലാണ് ഞായറാഴ്ച പകൽ 11.30 ഓടെ തീപിടിച്ചത്. ഫാക്ടറി വളപ്പിലെ പുല്ലിൽനിന്ന് തീ പടർന്നതെന്നാണ് നിഗമനം. ഫാക്ടറിയുടെ പ്രവർത്തനത്തിനായി ശേഖരിച്ചുവെച്ചിരുന്ന വിറക് ശേഖരത്തിലേക്ക് തീ പടർന്നത് ആശങ്ക സൃഷ്ടിച്ചു. വലിയ ഉയരത്തിൽ തീനാളങ്ങൾ ഉയർന്ന് പൊങ്ങിയത് ഭീതി പരത്തി. തീ പുല്ലിലും കുറ്റി ചെടികളിലും പടർന്ന് അടുത്തുള്ള വീട്ടു മുറ്റത്തേക്ക് വ്യാപിച്ചു. ഇവിടെ നിർത്തിയിട്ടിരുന്ന ഓമ്നി വാനിലേക്കും പടർന്നു. വാൻ ഭാഗികമായി കത്തി നശിച്ചു. ഫാക്ടറി കെട്ടിടങ്ങൾക്ക് നാമമാത്രമായ നാശനഷ്ടമേ ഉണ്ടായിട്ടുള്ളൂ.
തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. നാവായിക്കുളം ഫയർ സ്റ്റേഷനിൽനിന്നെത്തിയ രക്ഷസംഘവും നാട്ടുകാരും ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആറ്റിങ്ങലിൽനിന്ന് കൂടുതൽ രക്ഷാ പ്രവർത്തകരും സംവിധാനങ്ങളും എത്തിച്ച് തീ നിയന്ത്രണവിധേയമാക്കി.
ഫാക്ടറിയുടെ നാല് ചുറ്റും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ്. ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ അഖിൽ എസ്.ബിയുടെ നേതൃത്വത്തിലായിരുന്നു തീകെടുത്തൽ. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ സജ്ജുകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മാരായ ഉണ്ണികൃഷ്ണൻ എസ്.എൽ, അമൽജിത്ത്, മനീഷ് ക്രിസ്റ്റഫർ, വിക്രം രാജ്.ബി., സാൻ ബി.എസ്, നന്ദഗോപാൽ വി.ആർ, ഹോം ഗാർഡ് ബിജു ബി.എസ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.