കിണറ്റിൽവീണ വയോധികക്ക് പുതുജീവൻ നൽകി അഗ്നിരക്ഷാസേന
text_fieldsശാസ്താംകോട്ട: കിണറ്റിൽ മരിച്ചെന്ന് നാട്ടുകാർ വിധി എഴുതിയ വയോധികക്ക് പുതുജീവൻ നൽകി അഗ്നിരക്ഷാസേന. ശൂരനാട് തെക്ക് പതാരം അഞ്ജനം വീട്ടിൽ കൃഷ്ണകുമാരിയാണ് (61) സ്വന്തം പുരയിടത്തിലെ 40 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ആറിനാണ് കൃഷ്ണകുമാരിയെ കിണറ്റിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. തുടർന്ന് ശാസ്താംകോട്ടയിൽനിന്നും ഗ്രേഡ് എ.എസ്.ടി.ഒ സജീവിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെത്തി. രക്ഷാപ്രവർത്തനത്തിന് ദുർഘടകരമായ കിണർ ആയിരുന്നിട്ടും ഓഫിസർമാരായ ടി.എസ്. രതീഷ്, ഇ. സണ്ണി എന്നിവർ സാഹസികമായി ഇറങ്ങി കൃഷ്ണകുമാരിയെ റെസ്ക്യൂ നെറ്റിന്റെയും സേഫ്റ്റി ബെൽറ്റിന്റെയും സഹായത്താൽ കരക്കെത്തിക്കുകയായിരുന്നു.
ബോധമില്ലാത്ത ഇവർക്ക് അഗ്നിരക്ഷാ സേനാംഗങ്ങൾ സി.പി.ആർ കൊടുത്തു. തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഷാനവാസ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഡ്രൈവർ ജയപ്രകാശ്, ഹോം ഗാർഡ് ശ്രീകുമാർ, ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.