മരത്തിന് മുകളിലേക്ക് തീ പടര്‍ന്നു: അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു
text_fieldsകുളത്തൂപ്പുഴ: കരിയിലകള്‍ കൂട്ടിയിട്ട് കത്തിച്ചതില്‍നിന്ന് വള്ളിപ്പടര്‍പ്പിലൂടെ പടര്‍ന്ന തീ അന്തര്സംസ്ഥാനപാതയോരത്തെ വന്മരത്തിന് മുകളിലേക്ക് കത്തിപ്പിടിച്ചു.
തുടർന്ന് തിരുവനന്തപുരം-ചെങ്കോട്ട പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം കുളത്തൂപ്പുഴ തെന്മല പാതയില്‍ അയ്യന്‍പിള്ള വളവ് അമ്മന്‍കോവില്‍ ക്ഷേത്രത്തിനുസമീപത്തെ നാല്പതടിയോളം ഉയരമുള്ള വന്‍ ചീനിമരത്തിലേക്കാണ് തീ പടര്‍ന്നത്. രാത്രി എട്ടോടെയാണ് വൈദ്യുതി ലൈനുകള്‍ക്ക് പത്തടിയോളം മുകളിലായി ഉയര്ന്നുനില്ക്കുന്ന മരത്തില്‍ തീ പടരുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടത്.
ഉടനെ കുളത്തൂപ്പുഴ പൊലീസിനെയും അഗ്നിരക്ഷാവിഭാഗത്തെയും വിവരമറിയിച്ചു. ശക്തമായി കാറ്റ് വീശിയതോടെ മരത്തിന്റെ ശിഖരങ്ങളിലേക്കും തീ പടർന്നു. തുടർന്ന് നാട്ടുകാര്‍ ഇടപെട്ട് പാതയില്‍ വാഹനങ്ങളെ നിയന്ത്രിച്ചു.
കടയ്ക്കല്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മരത്തിലെയും ചുവട്ടിലെയും തീ അണക്കുകയും പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയുമായിരുന്നു. തമിഴ്നാട്ടില്‍ നിന്നെത്തിയ ചരക്കുവാഹനങ്ങളും അയ്യപ്പഭക്തരും അടക്കമുള്ള യാത്രികരും വഴിയില്‍ കുടുങ്ങി. ചുവട് ദ്രവിച്ചുനില്‍ക്കുന്ന വന്മരം സമീപവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാണെന്നും അടിയന്തരമായി മരം മുറിച്ചുമാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.