ദിവസവും കടത്തുന്നത് അഞ്ച് ബൈക്കുകൾ, പ്രിയം പഴയ വാഹനങ്ങൾ
text_fieldsകൊല്ലം: മോഷ്ടിക്കപ്പെടുന്ന ബൈക്കുകൾ പോകുന്നത് എങ്ങോട്ടെന്ന് അന്വേഷിച്ച് പോയ കൊല്ലം ഈസ്റ്റ് പൊലീസിന് മുന്നിൽ എത്തിയത് ഞെട്ടിക്കുന്ന മോഷണക്കണക്കുകൾ. ഒരാൾ മാത്രം ദിനംപ്രതി അഞ്ച് ബൈക്കുകളാണ് കൊല്ലത്തുനിന്ന് തമിഴ്നാട്ടിലേക്ക് കടത്തുന്നതെന്നാണ് പിടിയിലായ അന്തർസംസ്ഥാന വാഹനമോഷണസംഘത്തിൽനിന്ന് പൊലീസിന് ലഭിച്ച വിവരം. ഇത്തരത്തിൽ നിരവധി പേരാണ് തെങ്കാശിയിലെ യാഡിൽ ദിവസവും വാഹനങ്ങൾ എത്തിക്കുന്നതെന്നാണ് കൊല്ലത്ത് പിടിയിലായ ഇടനിലക്കാരൻ കതിരേശൻ വെളിപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ തെങ്കാശിയിലെ യാഡിൽ എത്തിയപ്പോൾ ഈ മൊഴി സാധൂകരിക്കുന്ന കാഴ്ചകളായിരുന്നു കാത്തിരുന്നത്.
ഒരാളിൽനിന്ന് വൻ റാക്കറ്റിലേക്ക്
ഈസ്റ്റ് പൊലീസിന്റെ മൂക്കിൻതുമ്പ് എന്ന് പറയാവുന്ന റെയിൽവെ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ നിന്നുൾപ്പെടെ ബൈക്കുകൾ മോഷണം പോകുന്നത് വ്യാപകമായതോടെയാണ് വാഹനമോഷ്ടാക്കളെ തേടി ഉദ്യോഗസ്ഥർ ഇറങ്ങിയത്. സിറ്റി പൊലീസ് കമീഷണർ വിവേക് കുമാറിന്റെ നിർദേശപ്രകാരം കൊല്ലം എ.സി.പി അനുരൂപിന്റെ മേല്‍നോട്ടത്തില്‍ ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. കൊല്ലം ഈസ്റ്റ് എസ്.ഐ ദില്‍ജിത്ത്, സി.പി.ഒമാരായ അനു ആര്. നാഥ്, ഷെഫീക്ക്, സൂരജ്, എം. അനീഷ്, അനീഷ്, ഷൈജു ബി. രാജ്, അജയകുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പത്തോളം കേസുകളാണ് ഈസ്റ്റിൽ മാത്രം എത്തിയത്. കഴിഞ്ഞ ആഴ്ചകളിലായി നഗരത്തിൽ വ്യാപകതിരച്ചിലാണ് നടത്തിയത്. ഈ കേസ് അന്വേഷണത്തിനിടയിലാണ് പൊലീസ് ആശ്രാമത്ത് യുവാവിനെ മർദിച്ചെന്ന് പരാതിയുയർന്ന സംഭവമുണ്ടായത്. രാത്രിയിൽ ബൈക്ക് ഉരുട്ടി പോകുന്നതുകണ്ട് അന്വേഷണസംഘത്തിൽപെട്ട ഉദ്യോഗസ്ഥർ യുവാക്കളെ ചോദ്യംചെയ്യുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളാണ് ആദ്യഘട്ടത്തിൽ പൊലീസിന് വഴിതെളിച്ചത്. സ്ഥിരം മോഷ്ടാക്കളായ അനസ്, മണികണ്ഠൻ, റാഷിദ് എന്നിവരുടെ പങ്ക് സി.സി.ടി.വി വ്യക്തമാക്കിയതോടെ ഇവരെ കേന്ദ്രീകരിച്ചായി അന്വേഷണം. അനസിനെ നിരീക്ഷണത്തിലാക്കിയ പൊലീസ് ഇയാളെ രഹസ്യമായി കസ്റ്റഡിയിലെടുത്തത് മറ്റ് പ്രതികളിലേക്ക് വഴിതുറന്നു.
ബസിലെത്തും, പഴയവാഹനങ്ങൾ പൊക്കും
അനസും റാഷിദും മണികണ്ഠനുമാണ് വിവിധയിടങ്ങളിൽനിന്ന് ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കുന്നത്. റാഷിദ് കൊട്ടിയത്ത് റോഡരികിൽ വയോധികയെ ആക്രമിച്ച സംഭവത്തിലും മോഷണക്കേസിലും ജാമ്യത്തിലാണ്. പട്ടാപ്പകലാണ് മോഷണം. ബസിൽ വന്നിറങ്ങി ബൈക്കുകളും സ്കൂട്ടറുകളും നിരീക്ഷിച്ച് തങ്ങൾക്ക് എടുക്കാൻ കഴിയുന്നത് നോക്കി കടത്തുന്നതാണ് രീതി. പഴയവാഹനങ്ങളാണ് ഇവർക്ക് പ്രിയം. പെട്ടെന്ന് പൂട്ടുതുറക്കാൻ കഴിയും എന്നതാണ് കാരണം. ഹീറോ ഹോണ്ട സ്പ്ലെണ്ടർ പോലുള്ള വാഹനങ്ങളാണ് സംഘം കടത്തിയതിൽ ഭൂരിഭാഗവും. നഗരത്തിൽതന്നെ മറ്റേതെങ്കിലും ഭാഗത്തായിരിക്കും മോഷ്ടിച്ച വാഹനം തൽക്കാലം ഒളിപ്പിക്കുക. തുടർന്ന് അയത്തിലിലുള്ള ഒരു വീട്, കരിക്കോട് പഴയ ബസ് സ്റ്റാൻഡ്, ഉമയനല്ലൂർ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രാത്രിയിൽ വാഹനങ്ങൾ എല്ലാം എത്തിക്കും. ഇവിടെ വാഹനങ്ങൾ വിൽക്കാൻ സഹായിക്കുന്നവരാണ് ഷഹൽ, നൗഷാദ്, സലീം എന്നീ പ്രതികൾ. ബൈക്കുകൾ കൊണ്ടുപോകാൻ തമിഴ്നാട്ടിൽനിന്ന് ഇടനിലക്കാരനായി എത്തിയയാളാണ് കതിരേശൻ. തമിഴ്നാട്ടിൽ വാഹനങ്ങൾ എത്തിക്കുന്ന യാഡിന്റെ ഉടമ ശെൽവത്തിന്റെ സഹായികളാണ് കതിരേശനും കുമാറും. കതിരേശനാണ് ഗുഡ്സ് വാഹനത്തിൽ ടാർപ്പകൊണ്ട് മൂടി വാഹനങ്ങൾ കടത്തുന്നത്. ആദ്യം പിടിയിലായ അനസിൽനിന്ന് കിട്ടിയ വിവരമനുസരിച്ച് മറ്റ് പ്രതികളെ പിടികൂടിയ പൊലീസ് വാഹനങ്ങൾ കൊണ്ടുപോകാൻ റെഡിയാണെന്നുപറഞ്ഞ് ഇയാളെക്കൊണ്ട് വിളിപ്പിച്ച് കതിരേശനെ കൊല്ലത്ത് എത്തിക്കുകയായിരുന്നു. ഇയാളിൽനിന്ന് തമിഴ്നാട്ടിലെ യാഡുകളെക്കുറിച്ച് വിവരം കിട്ടി.
യാഡുകളിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ
തെങ്കാശി അടയ്ക്കൽ പട്ടണം എന്ന സ്ഥലത്താണ് വ്യാഴാഴ്ച അർധരാത്രിയിൽ ഈസ്റ്റ് പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിെച്ചത്തിയത്. ആക്രിവ്യാപാരത്തിന്റെ മറവിലാണ് അവിടെ മോഷണവണ്ടികൾ എത്തിക്കുന്നതും പൊളിച്ച് കടത്തുന്നതും. രണ്ട് യാഡുകളിലായി 50,000ൽ കുറയാതെ ഇരുചക്രവാഹനങ്ങളാണ് പൊലീസിനെ കാത്തിരുന്നത്. ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ള വണ്ടികളാണ്. ഇതിൽ പകുതിയെങ്കിലും പൊളിച്ചുകഴിഞ്ഞവയാണ്. എത്തിക്കുന്ന വാഹനങ്ങൾ അതിവേഗം എൻജിനും ഭാഗങ്ങളും പൊളിക്കുന്നതാണ് രീതി. കൊല്ലത്തുനിന്ന് കൊണ്ടുപോയ വാഹനങ്ങളിൽ ചിലത് ഇതിനകം പൊളിച്ചുകഴിഞ്ഞു. അടുത്തഘട്ടത്തിൽ പൊളിക്കാൻവെച്ചിരുന്നവയാണ് പൊലീസിന് പിടിച്ചെടുക്കാൻ കഴിഞ്ഞത്. യാഡ് ഉടമ ശെൽവം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. റിക്കവർ ചെയ്ത് എടുക്കാൻ കഴിയുന്ന വാഹനങ്ങളാണ് പൊലീസ് തിരിച്ചെത്തിച്ചത്. ഉടമകളെ തിരിച്ചറിഞ്ഞു. മറ്റ് സ്റ്റേഷനുകളിലേക്ക് പൊലീസ് വിവരം കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.