തങ്കശ്ശേരിയില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് നടപ്പാക്കും -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകൊല്ലം: കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് നടപ്പാക്കുന്നതിന്റെ ഭാഗമായി തങ്കശ്ശേരിയില്‍ പദ്ധതി ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബീച്ച് ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും.
ഡ്രൈവ് ഇന്‍ ബീച്ചും വാട്ടര്‍ സ്പോര്‍ട്സ് സംവിധാനങ്ങളും ഒരുക്കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കും. ടൂറിസം കേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനോടൊപ്പം കോളജുകളില്‍ ആരംഭിച്ച ടൂറിസം ക്ലബ്ബുകളെ കൂടി പ്രയോജനപ്പെടുത്തി സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട ടൂറിസം അന്തരീക്ഷം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പ് 5.55 കോടി രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ബ്രേക്ക് വാട്ടര്‍ ടൂറിസം പദ്ധതി തങ്കശ്ശേരിയില്‍ പൂര്‍ത്തീകരിച്ചത്. 400 ഓളം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓപണ്‍ എയര്‍ ഓഡിറ്റോറിയം, കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ വ്യൂ ടവര്‍, സുരക്ഷാഭിത്തി.
കടലിന് അഭിമുഖമായി ഇരിപ്പിടങ്ങള്‍, സൈക്കിള്‍ ട്രാക്ക്, കിയോസ്കുകള്‍, റാംമ്പ്, കുട്ടികളുടെ കളിസ്ഥലം, നടപ്പാതകള്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്ലറ്റ് ബ്ലോക്ക്, ബോട്ട് ജെട്ടി, റെസ്റ്റോറന്റ്, ബോട്ടിങ്ങും, വാട്ടര്‍ സ്പോര്‍ട്സ് സംവിധാനങ്ങളും പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. എം. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ജെ. സ്റ്റാന്‍ലി, കലക്ടര്‍ അഫ്സാന പര്‍വീണ്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.