ഫ്ലോട്ടിങ് ഡ്രൈഡോക്ക്; നടപടികൾ വേഗത്തിലാക്കി മാരിടൈം ബോർഡ്
text_fieldsകൊല്ലം: കൊച്ചി കപ്പൽനിർമാണശാലയിൽ അറ്റകുറ്റപ്പണിക്കായി എത്തുന്ന കപ്പലുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊല്ലം തീരം കേന്ദ്രീകരിച്ചുള്ള ‘ഫ്ലോട്ടിങ് ഡ്രൈഡോക്ക്’ പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കി കേരള മാരിടൈം ബോർഡ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊല്ലം തുറമുഖ മേഖലയിൽ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താനാകും.
ആവശ്യമെങ്കിൽ കൊച്ചിയടക്കം മറ്റ് സ്ഥലങ്ങളിലേക്ക് കടൽമാർഗം ‘ഫ്ലോട്ടിങ് ഡ്രൈഡോക്ക്’ എത്തിക്കാനും കഴിയും. ഇതുസംബന്ധിച്ച മാരിടൈം ബോർഡിന്റെ പദ്ധതി സംസ്ഥാന സർക്കാറിന്റെ പരിഗണനയിലാണ്. 120 കോടിയോളം രൂപയാണ് ഏകദേശ ചെലവ് കണക്കാക്കുന്നത്. സംസ്ഥാന സർക്കാർ അനുമതി ലഭ്യമാകുന്നമുറക്ക് കേന്ദ്ര സഹായം തേടും. കേന്ദ്ര സർക്കാറിന്റെ ‘സാഗർമാല’ പദ്ധതിയിൽനിന്ന് പദ്ധതി ചെലവിന്റെ പകുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചിൻ ഷിപ്പ്യാർഡിൽ കൈകാര്യം ചെയ്യാവുന്നതിനെക്കാളധികം കപ്പലുകൾ നിലവിൽ അറ്റകുറ്റപ്പണിക്കായി എത്തുന്നുണ്ട്. വിഴിഞ്ഞം തുറമുഖം വരുന്നതോടെ കപ്പലുകളുടെ എണ്ണം വീണ്ടും വർധിക്കുമെന്നും മാരിടൈം ബോർഡ് വിലയിരുത്തുന്നു. കൊച്ചി കഴിഞ്ഞാൽ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കും മറ്റും നിലവിൽ ഏറെ അനുയോജ്യമായ പ്രദേശമാണ് കൊല്ലം തുറമുഖം. ‘ഫ്ലോട്ടിങ് ഡ്രൈഡോക്ക്’ സുഗമമായി പ്രവർത്തിപ്പിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കാനാകും.
ഏഴരമീറ്റർ സ്വാഭാവിക ആഴമുള്ള കൊല്ലം തുറമുഖത്തിന്റെ ആഴം വർധിപ്പിക്കുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട്. ‘ഫ്ലോട്ടിങ് ഡ്രൈഡോക്ക്’ പദ്ധതിയുടെ ഭാഗമായി തുറമുഖ മേഖലയിൽ ഡ്രഡ്ജിങ് നടത്തുന്നതിനുള്ള പദ്ധതി മാരിടൈം ബോർഡും തയാറാക്കി.
ക്രൂ ചെയ്ഞ്ചിനടക്കം വിദേശകപ്പലുകൾ സമീപകാലത്തായി വലിയതോതിൽ കേരള തീരത്തെത്തുന്നുണ്ട്. കോടികളുടെ വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. ചരക്കുനീക്കത്തോടൊപ്പം കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും തുറമുഖങ്ങളെ ഉപയോഗപ്പെടുത്തുന്നത് വികസനരംഗത്ത് ഗുണകരമാകുമെന്നാണ് തുറമുഖ വകുപ്പിന്റെയും മാരിടൈം ബോർഡിന്റെയും വിലയിരുത്തൽ.
കടലിൽ നങ്കൂരമിട്ട കപ്പലിന് സമാനമായി പ്രവർത്തിക്കുന്നതിനാൽ ഫ്ലോട്ടിങ് ഡ്രൈഡോക്ക് തീരദേശത്തോ പരിസ്ഥിതിക്കോ മറ്റ് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.