ഭക്ഷ്യസുരക്ഷ: വരുന്നു, കർശന പരിശോധന
text_fieldsകൊല്ലം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് പരിശോധന ഊർജിതമാക്കാൻ കലക്ടർ അഫ്സാന പര്‍വീൺ ഭക്ഷ്യസുരക്ഷ ഉപദേശക സമിതി യോഗത്തിൽ കർശന നിർദേശം നൽകി. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഹോട്ടലുകള്‍, ബേക്കറികള്‍, ജ്യൂസ് സ്റ്റാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സംയുക്ത സ്ക്വാഡുകൾ പരിശോധന നടത്തും. തട്ടുകടകള്‍ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന തുടരും.
ട്രോളിങ് നിരോധനം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കും. 2022 ഡിസംബര്‍ മുതല്‍ മേയ് മാസത്തിനിടെ പരിശോധിച്ച 2775 സ്ഥാപനങ്ങളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളില്‍ 38 എണ്ണം സുരക്ഷിതമല്ലാത്തതായും എട്ടെണ്ണം സബ് സ്റ്റാന്‍ന്റേഡ് ഗണത്തിലും 43 എണ്ണം മിസ്ബ്രാന്‍ഡഡ് വിഭാഗത്തില്‍ ഉള്പ്പെട്ടതാണെും കണ്ടെത്തി.
ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം 34 അഡ്ജുഡിക്കേഷന്, 19 പ്രോസിക്യൂഷന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭക്ഷ്യസുരക്ഷ മൊബൈല്‍ ലാബില്‍ 940 സാമ്പിളുകള്‍ ശേഖരിച്ചു.
ക്രമക്കേട് കണ്ടെത്തിയ 597 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെ റെക്ടിഫിക്കേഷന്‍ നോട്ടീസും 12 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും ഗുരുതര ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്കി. 147 ഭക്ഷ്യസംരംഭകരില്‍ നിന്ന് 864000 രൂപ പിഴ ഈടാക്കിയതായും ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ എസ്. അജി അറിയിച്ചു.
ഓപ്പറേഷന് മത്സ്യ പ്രകാരം പഴകിയതും രാസപദാര്‍ഥം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ മൊത്ത വില്പന കേന്ദ്രങ്ങള്‍, ഫിഷ് സ്റ്റാളുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് 462 പരിശോധനകള്‍ പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തി. പഴകിയതും മായം കലര്താണെന്ന് കണ്ടെത്തിയ 243.5 കി.ഗ്രാം മത്സ്യം നശിപ്പിച്ചു.
ഓപറേഷന് ഷവര്‍മയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക സ്ക്വാഡ് ജില്ലയിലെ 299 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയ 19 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 30700 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. റൂക്കോ (റീ പര്‍പ്പസ് യൂസ്ഡ് കുക്കിംഗ് ഓയില്‍) പദ്ധതിപ്രകാരം ജില്ലയില്‍ 11678 കി.ഗ്രാം ഉപയോഗിച്ച എണ്ണ ശേഖരിച്ചിട്ടുണ്ട്.
കൊട്ടാരക്കര ജവഹര്‍ നവോദയ സ്കൂളിനെ ഈറ്റ് റൈറ്റ് സ്കൂളായി പ്രഖ്യാപിച്ച് സര്‍ട്ടിഫിക്കറ്റ് നല്കി. ത്രീ സ്റ്റാര്‍, ഫൈസ്റ്റാര്‍ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് റേറ്റിങ് നല്‍കുന്നതിന് 242 സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്തി സ്റ്റാര്‍ റേറ്റിങ് നല്കി.
ആരാധനാലയങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് രൂപീകരിച്ച ബോഗ് (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിംഗ് ടു ഗോഡ്) പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ കൂനമ്പായിക്കുളം ക്ഷേത്രം, പട്ടാളത്ത് ജുമാ മസ്ജിദ് എന്നിവയെ തെരഞ്ഞെടുത്തതായും യോഗത്തില്‍ അധികൃതര്‍ അറിയിച്ചു.
2022-23 വര്‍ഷത്തില്‍ ഈറ്റ് റൈറ്റ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ജില്ലയെ ഒന്നാം സ്ഥാനത്തിന് അര്‍ഹരാക്കിയ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരെയും അനുബന്ധ വകുപ്പിലെ ഉദ്യോഗസ്ഥരെയും കലക്ടര്‍ അഭിനന്ദിച്ചു. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.