കടുവയും പുലിയും ഇറങ്ങിയെന്ന് സംശയം; സ്ഥിരീകരിക്കാനാകാതെ വനംവകുപ്പ്
text_fieldsപുന്നലയില്‍ കടുവയെ കണ്ടതായി പറയുന്ന സ്ഥലം
പത്തനാപുരം : ജനവാസ മേഖലയിൽ വീണ്ടും വന്യമൃഗ അക്രമണം. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചെമ്പ്രാമൺ തോങ്കോട് വീട്ടിൽ സുഭദ്രയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പോത്തിനെ പുലി അക്രമിച്ചെന്ന് വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബഹളം വച്ചതിനെ തുടര്‍ന്ന് പുലി ഓടി മറഞ്ഞതായി വീട്ടുകാർ പറയുന്നു. തൊട്ടുപിന്നാലെ പകൽ മേയാൻ വിട്ട പുന്നല കുറുന്തമൺ സുരേഷിന്റെ പശുക്കളിൽ ഒന്നിനെ കടുവ അക്രമിച്ച സംഭവമുണ്ടായി.
പശുവിന്റെ അലർച്ച കേട്ട് ഓടിയെത്തിയ സുരേഷും സുഹൃത്തും കടുവ അക്രമിക്കുന്നത് അടുത്ത് കണ്ടു. ഇവരെ കണ്ടിട്ടും കടുവ പതുക്കെ നടന്നാണ് പോയതത്രെ. സമീപത്തായി തമ്പടിച്ചിരുന്ന കടുവയെ വനം വകുപ്പിന്റെ താൽകാലിക വാച്ചർമാരും കണ്ടു. കാൽപാടുകളും ദൃശ്യമാണ്. ഇര തേടാൻ കഴിയാത്തവണ്ണം കടുവ ക്ഷീണിതനാണെന്നും അതിനാലാണ് ജനവാസമേഖലയിൽ എത്തി വളർത്തുമൃഗങ്ങളെ അക്രമിക്കുന്നതെന്നും വനംവകുപ്പ് പറയുന്നു. രണ്ട് ദിവസം മുമ്പ് കടശ്ശേരി ഉമ്മന്നൂരിൽ മേയാൻ വിട്ട പശുവിനെ അക്രമിച്ച് പൂർണമായി ഭക്ഷിച്ചിരുന്നു.
വളർത്തുമൃഗങ്ങളെ അക്രമിക്കുന്നതും ഭക്ഷിച്ചതും കടുവ ആണെന്ന് നാട്ടുകാർ പറയുമ്പോഴും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പത്തനാപുരം പിറവന്തൂർ പഞ്ചായത്തുകളിൽ വിവിധ ജനവാസ മേഖലയിൽ പുലിയെ നാട്ടുകാരും തോട്ടം തൊഴിലാളികളും കണ്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. വളർത്തുനായയേയും മറ്റും പുലി പിടിക്കുന്നതും കാട്ടുപന്നിയെ അക്രമിക്കുന്നതും നേരിൽ കണ്ടവരുണ്ട്. ഇതൊക്കെ പുലിയല്ല കാട്ടുപൂച്ചയോ കുറുനരിയോ ആണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.