കൊല്ലം രൂപത മുൻ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് അന്തരിച്ചു
text_fieldsകൊല്ലം: ലാറ്റിൻ കാത്തലിക് കൊല്ലം രൂപത മുൻ മെത്രാൻ ജോസഫ് ജി. ഫെർണാണ്ടസ് (97) അന്തരിച്ചു. സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം. കൊല്ലം രൂപതയിൽ 23 വർഷം ബിഷപ് പദവി വഹിച്ച അദ്ദേഹം 2001 ഡിസംബർ 15ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലായിരുന്നു. ശനിയാഴ്ച വൈകീട്ട് ഉമയനല്ലൂർ എം.എസ്.എസ്.ടി ജനലേറ്റ് ചാപ്പലിൽ അനുസ്മരണ കുർബാന നടത്തി.
തുടർന്ന് വിലാപയാത്രയായി ഭൗതിക ശരീരം തങ്കശ്ശേരി കത്തീഡ്രൽ ദേവാലയത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു. ഞായറാഴ്ച രാവിലെ ആറ് മുതൽ പൊതുദർശനം തുടരും. തിങ്കളാഴ്ച രാവിലെ 10ന് തങ്കശ്ശേരി കത്തീഡ്രൽ ദേവാലയം സെമിത്തേരിയിൽ ബിഷപ് പോൾ ആന്‍റണി മുല്ലശേരിയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാരകർമങ്ങൾ നടക്കും. കൊല്ലം രൂപതയിൽ ഞായറാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
1925 സെപ്റ്റംബർ 16ന് മരുതൂർകുളങ്ങര പണ്ടാരതുരുത്തിൽ ഗബ്രിയേൽ ഫെർണാണ്ടസ്-ജോസഫീന ദമ്പതികളുടെ മകനായി ജനനം. 1939ൽ കൊല്ലം സെന്‍റ് റഫേൽ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ച അദ്ദേഹം 1949 മാർച്ച് 19ന് അന്നത്തെ ബിഷപ്പായിരുന്ന ജറോം ഫെർണാണ്ടസിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചത്. 29 വർഷങ്ങൾക്ക് ശേഷം ബിഷപ് പദവിയിൽ ബിഷപ് ജെറോമിന്‍റെ പിൻഗാമിയായാണ് കൊല്ലം രൂപതയുടെ തലപ്പത്തെത്തിയത്.
ശക്തികുളങ്ങര, ചാരുംമൂട് ദേവാലയങ്ങളിൽ അസിസ്റ്റന്‍റ് വികാരി, കണ്ടച്ചിറ, മങ്ങാട്, ക്ലാപ്പന, ഇടമൺ എന്നിവിടങ്ങളിൽ വികാരിയായും പ്രവർത്തിച്ചു. ഫാത്തിമ മാത നാഷനൽ കോളജ്, കർമല റാണി ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ ബർസാർ, സെന്‍റ് റാഫേൽ സെമിനാരി പ്രീഫെക്ട് ചുമതലകളും വഹിച്ചു. ബിഷപ് ജെറോമിന്‍റെ സെക്രട്ടറി, രൂപത ചാൻസലർ എന്നീ പദവികളും വഹിച്ചതിന് ശേഷമാണ് 1978 മേയ് 14ന് ബിഷപ്പായി ചുമതല ഏറ്റത്.
ബിഷപ് ആയിരിക്കെ കെ.സി.ബി.സി വൈസ് ചെയർമാൻ, സി.ബി.സി.ഐ ഹെൽത്ത് കമീഷൻ ചെയർമാൻ, ആലുവ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി എപ്പിസ്കോപ്പൽ കമീഷൻ ചെയർമാൻ പദവികൾ വഹിച്ചിട്ടുണ്ട്. വികേന്ദ്രീകൃതവും വ്യക്തികൾക്ക് ഭരണസ്വാതന്ത്ര്യവും നൽകുന്ന പ്രവർത്തന ശൈലിയായിരുന്നു ബിഷപ് ജോസഫ് സ്വീകരിച്ചത്. കൊല്ലം ബിഷപ് ജെറോം ഷോപ്പിങ് കോംപ്ലക്സ്, ക്രിസ്തുജ്യോതി ആനിമേഷൻ സെന്‍റർ, ബെൻസിഗർ ആശുപത്രി മില്ലേനിയം കോംപ്ലക്സ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ യാഥാർഥ്യമാക്കിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.