മാട്രിമോണി സൈറ്റുകൾ വഴി തട്ടിപ്പ്: പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsകൊല്ലം: മാട്രിമോണി സൈറ്റുകൾ വഴി പരിചയപ്പെട്ട് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. മലപ്പുറം മൊറയൂർ മോങ്ങം ഒഴുവൂർ താഴത്തിൽ അമൽ എന്ന മുഹമ്മദ് ഫസൽ (35) ആണ് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. മാട്രിമോണി സൈറ്റുകളിൽ അമൽ, മുഹമ്മദ് ഫസൽ എന്നീ പേരുകളിൽ പ്രൊഫൈൽ രജിസ്റ്റർ ചെയ്ത് പെൺകുട്ടികളുടെ രക്ഷാകർത്താക്കളിൽനിന്ന് വരുന്ന വിവാഹാലോചന സ്വീകരിച്ചായിരുന്നു തട്ടിപ്പ്.
പെൺകുട്ടികളുമായി ഫോണിൽ സംസാരിച്ച് വിവാഹത്തിന് താൽപര്യമാണെന്നും അമേരിക്കയിൽ ഡെൽറ്റ എയർലൈൻസിൽ പൈലറ്റാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിവന്നത്. പല സ്ഥലങ്ങളിലുംവെച്ച് പെൺകുട്ടികളുമായി കണ്ടുമുട്ടിയശേഷം വിസയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് അവരുടെ ആധാർ, പാൻ, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ തന്ത്രപൂർവം കൈക്കലാക്കും.
പിന്നീട്, ഇവ ഉപയോഗിച്ച് പെൺകുട്ടികളുടെ പേരിൽ വ്യാജ സിം എടുക്കുകയും ബാങ്ക് അക്കൗണ്ടിന്റെയും മറ്റും വിവരങ്ങൾ മനസ്സിലാക്കി ഓൺലൈൻ ബാങ്കിങ്, യു.പി.ഐ ഐ.ഡി എന്നിവ അന്യായമായി കരസ്ഥമാക്കി സാമ്പത്തിക തട്ടിപ്പും മറ്റ് ചൂഷണങ്ങളും നടത്തിവരികയായിരുന്നു.
കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പരാതിക്കാരി അറിയാതെ അവരുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത ഇന്റർനെറ്റ് ബാങ്കിങ് അക്കൗണ്ടിന്റെ ലോഗിൻ ഐ.പി വിലാസങ്ങളും പ്രതി ഉപയോഗിക്കുന്നതായി കണ്ടെത്തി. വിവിധ മൊബൈൽ നമ്പറുകളും ഇ-മെയിൽ വിലാസങ്ങളും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് പ്രതിയെ പിടികൂടാനായത്.
പരാതിക്കാരിയുടെ മൊഴിയിൽ പ്രതിയുടെ പേര് കൃഷ്ണൻ മകൻ അമൽ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പൊലീസ് അന്വേഷണത്തിൽ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. വിശദ അന്വേഷണത്തിൽ ഇയാൾ മുഹമ്മദ് ഫസൽ ആണെന്ന് തിരിച്ചറിഞ്ഞു.
2018 -20 കാലയളവിൽ ഡൽഹി ഹോസ്ഖാസ് പൊലീസ് സറ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ തിഹാർ ജയിലിൽ വിചാരണ തടവിലായിരുന്നെന്നും കേരളത്തിൽ പല കേസുകളിലും റിമാൻഡിലായിട്ടുണ്ടെന്നും കണ്ടെത്തി. പല കേസുകളിലും ഇയാൾ പിടികിട്ടാപ്പുള്ളിയുമാണ്.
കേസുകളിൽനിന്ന് രക്ഷപ്പെടാൻ ആധാർ കാർഡിൽ വ്യാജ തിരുത്തൽ വരുത്തി. പേരും പിതാവിന്റെ പേരും വിലാസവും മാറ്റുകയും അതുപയോഗിച്ച് ഇലക്ഷൻ ഐ.ഡി, പാൻകാർഡ്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് അക്കൗണ്ട് എന്നിവ വ്യാജമായി നേടുകയും ചെയ്തിരുന്നു. പാലാരിവട്ടത്ത് ഫ്ലാറ്റിൽ താമസിച്ചായിരുന്നു തട്ടിപ്പുകൾ.
ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശപ്രകാരം കൊല്ലം സിറ്റി ഡിസ്ട്രിക് ക്രൈംബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ മേൽനോട്ടത്തിൽ കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. ജയകുമാർ, എസ്.ഐ അബ്ദുൽ മനാഫ്, എ.എസ്.ഐമാരായ എ. നിയാസ്, നന്ദകുമാർ, ജോസഫ് റൊസാരിയോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.