മാലിന്യക്കൂമ്പാരത്തിൽ അടിക്കടി തീപിടിത്തം; വലഞ്ഞ് അഗ്നിരക്ഷ സേന
text_fieldsകൊല്ലം: നഗരത്തിൽ അടിക്കടി മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്നത് അഗ്നിരക്ഷ സേനയെ വലയ്ക്കുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയും പുകയും കെടുത്തിയാലും വീണ്ടും ആവർത്തിക്കുന്നു. തിങ്കളാഴ്ച രാത്രി 10.45ഓടെ കൊല്ലം ആണ്ടാമുക്കത്തെ കോർപറേഷൻ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിന് തീപടർന്നു.
രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിരക്ഷ സേന സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെ ഇവിടെ വീണ്ടും അഗ്നിബാധയുണ്ടായി. പ്രദേശമാകെ പുക വ്യാപിച്ചതോടെ മണിക്കൂറുകൾ എടുത്താണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. തീ പടർന്ന മാലിന്യക്കൂമ്പാരത്തിന് മുകളിൽ എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണിട്ടുമൂടി.
ചാമക്കട സ്റ്റേഷൻ ഓഫിസർ സുരേഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങളിലെല്ലാം ഇടയ്ക്കിടെ തീപിടിത്തമുണ്ടാവുന്നു. തിങ്കളാഴ്ച രാവിലെ വാടിയിൽ മാലിന്യങ്ങൾക്ക് തീപടർന്നു. ചാമക്കട നിലയത്തിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കൂട്ടിയിട്ടിരുന്നിടത്താണ് തീപിടിത്തമുണ്ടായത്. തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കുന്ന മാലിന്യം നിർമാർജനം ചെയ്യാൻ കഴിയാതെ വന്നതോടെ റോഡരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും കൂട്ടിയിടുകയാണ് ചെയ്യുന്നത്. വേനൽ കടുത്തതോടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂമ്പാരം ഭീഷണിയായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.