നഗരത്തിൽ മലിന്യക്കൂമ്പാരം; മൂക്കുപൊത്തി ജനം
text_fieldsകൊല്ലം: നഗരത്തിലെ പൊതുനിരത്തുകളിലും റെയിൽവേയുടെ സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും മാലിന്യം തള്ളൽ വ്യാപകം. നിരീക്ഷണ കാമറകളില്ലാത്ത ഇടങ്ങളിലാണ് രത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത്. റോഡരികിൽ തള്ളുന്ന മാലിന്യം കോർപറേഷൻ ജീവനക്കാർ അവഗണിച്ച മട്ടിലാണ്. നഗരത്തിന്റെ ഹൃദയഭാഗമായ ചിന്നക്കട റൗണ്ടിന് എതിർ വശത്ത് റെയിൽവേയുടെ ഭൂമിയിൽ ഭക്ഷ്യാവശിഷ്ടം ഉൾപ്പെടെ ചീഞ്ഞുനാറിയിട്ടും കോർപറേഷൻ കണ്ടില്ലെന്ന മട്ടിലാണ്.
റോഡിനിരുവശവും നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഫുട്പാത്തുകളുടെ നവീകരണം നടന്നിരുന്നു. അതിന്റെ ഭാഗമായി കുത്തിപ്പൊളിച്ച കേൺക്രീറ്റ് വേസ്റ്റും നഗരത്തിന്റെ നടുഭാഗത്താണ് തള്ളിയത്. ഭക്ഷണ മാലിന്യത്തിന്റെയും മറ്റും ദുർഗന്ധം മൂലം നഗരത്തിലെത്തുന്ന ജനങ്ങൾക്ക് വഴിനടക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
റെയിൽവേ ഭൂമിയിൽ വ്യാപകമായി മാലിന്യം തള്ളിയിട്ടും തടയാൻ നടപടിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ക്യു.എസ് റോഡിലേക്ക് തിരിയുന്ന വശത്താണു റെയിൽവേ വളപ്പിലേക്കു മാലിന്യം വലിച്ചെറിയുന്നത്. സമീപത്തെ കോർപറേഷന്റെ ബങ്കുകളിൽ നിന്നുള്ള മാലിന്യവും ദൂരെ സ്ഥലങ്ങളിൽനിന്ന് എത്തിച്ചു ചാക്കിൽ കെട്ടി എറിഞ്ഞ മാലിന്യങ്ങളുമാണ് കൂടുതൽ. കാടുമൂടിക്കിടക്കുന്നതിനാൽ അതിനു മുകളിലൂടെയാണു മാലിന്യം വലിച്ചെറിയുന്നത്. മാലിന്യം ഇടാതിരിക്കാൻ റെയിൽവേയും കോർപറേഷനും ചേർന്നു പദ്ധതി ആവിഷ്കരിക്കണമെന്നാണു പ്രദേശത്തെ കച്ചവടക്കാരുടെ ആവശ്യം.
മാലിന്യം നിക്ഷേപിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ കോർപറേഷനു കത്ത് നൽകുമെന്നു പറയുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ ഉയരത്തിൽ നെറ്റ് സ്ഥാപിക്കേണ്ടിവരും. ആശ്രാമത്തുനിന്ന് ശങ്കേഴ്സ് ജങ്ഷനിലേക്കുള്ള റോഡിലും സമാന സ്ഥിതിയാണ്. റോഡിനോട് ചേർന്ന ആളൊഴിഞ്ഞ പറമ്പുകളിലാണ് വലിയ ചാക്കുകളിലാക്കി പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ, നാപ്കിനുകൾ തുടങ്ങിയവ തള്ളുന്നത്. വാഹനങ്ങളിൽ വന്ന് വലിച്ചെറിയുന്നതുകാരണം ഭൂരിഭാഗവും റോഡിലേക്ക് വീണ നിലയിലാണ്. സമീപത്തുകൂടി ഒഴുകുന്ന തോടാകട്ടെ മാലിന്യവാഹിനിയായി.
മാലിന്യം തോട്ടിലേക്ക് വീണ് വെള്ളത്തോടൊപ്പം ചേർന്ന് ദുർഗന്ധവും വമിക്കുന്നു. കോർപറേഷൻ ഇടക്കിടെ വൃത്തിയാക്കാറുണ്ടെങ്കിലും ഒരുദിവസത്തെ അയുസേ അതിനുണ്ടാകൂ. തെട്ടടുത്ത ദിവസം മുതൽ പഴയപടിയാകും. സമീപത്ത് സി.സി ടി.വി കാമറ ഉൾപ്പെടെ സ്ഥാപിച്ചെങ്കിലെ പരിഹാരമുണ്ടവൂവെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. ജലസ്രോതസ്സ് സംരക്ഷിക്കാൻ സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴാണ് നഗരസഭയിലെ ജലസ്രോതസ്സിൽ മാലിന്യം തള്ളുന്നത് എന്നാണ് പരാതി.
നഗരം ശുചീകരിച്ച മാലിന്യം കളയാൻ മറ്റു മാർഗങ്ങളില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നതെന്നാണ് അധികൃതരുടെ വാദം. എല്ലാ നഗരസഭ കൗൺസിൽ യോഗങ്ങളിലും മലിന്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കുമെങ്കിലും ഇതുവരെയും പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.