ജില്ല പഞ്ചായത്ത് യോഗം; മാലിന്യമുക്ത നവകേരളം: ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം ചേരും
text_fieldsകൊല്ലം: മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ 69 പ്രഥമാധ്യാപകരുടെ യോഗം ജില്ല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കാൻ തിങ്കളാഴ്ച ചേർന്ന ജില്ല പഞ്ചായത്ത് യോഗത്തിൽ തീരുമാനമായി.
വിദ്യാർഥികളിൽ ശുചിത്വശീലം വളർത്തുകയാണ് ലക്ഷ്യം. കൊല്ലം നഗരത്തിൽ പത്തുലക്ഷം രൂപ ചെലവിൽ ട്രാൻസ്ജെൻഡർ ഷെൽട്ടർ ഹോം പദ്ധതി നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. ട്രാൻസ്ജെൻഡർ സംഘടനാ ഭാരവാഹികളുമായി മുമ്പ് നടത്തിയ ചർച്ചയിൽ ഉന്നയിച്ച ആവശ്യത്തിനാണ് ജില്ല പഞ്ചായത്ത് യോഗം അനുമതി നൽകിയത്. വിക്ടോറിയ ആശുപത്രിയിൽ എൻ.ക്യൂ.എ.സി സർട്ടിഫിക്കറ്റിന്റെ ഭാഗമായി ബയോമാലിന്യം നിർമാർജനം ചെയ്യാനായി തനത് ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചു. പ്ലാൻഫണ്ട് ജനറൽ ലഭ്യമാകുമ്പോൾ ജില്ല പഞ്ചായത്തിന് തുക റീകൂപ്പ് ചെയ്യാനായി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. സർക്കാർ സ്കൂളിനായുള്ള ടോയ്ലറ്റ് കോംപ്ലക്സ് പദ്ധതിയിൽ എ.വി.ജിഎച്ച്എസ് തഴവ സ്കൂളിനെ ഉൾപ്പെടുത്തും.
ജില്ല ആയുർവേദ ആശുപത്രിയിൽ നിലവിലുള്ള മാസ്റ്റർ പ്ലാനിനെ ബാധിക്കാത്തവിധത്തിൽ സിഎസ്ആർ- എൻഎഎം ഫണ്ട് എന്നിവ ഉപയോഗിച്ച് 1.6 കോടി രൂപയുടെ പഞ്ചകർമ ബ്ലോക്ക് നിർമിക്കുന്നതിനായുള്ള പ്ലാനിന് യോഗം അനുമതി നൽകി. പകൽ വീട് ഒരുക്കുന്നതിൽ പോരായ്മകളുണ്ടായാൽ ഉടനടി പരിഹാരം കണ്ടെത്താനും യോഗത്തിൽ തീരുമാനിച്ചു. വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താനായുള്ള സയൻസികം പദ്ധതിയെ ജില്ലാ പഞ്ചായത്ത് ഏറെ പ്രതീക്ഷയോടെ കാണുന്നതെന്നും ഡിസംബറിൽ നടപ്പാക്കുന്ന ക്യാമ്പിലൂടെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കാകും നേട്ടം ലഭിക്കുകയെന്നും പ്രസിഡന്റ് പി കെ ഗോപൻ പറഞ്ഞു. മുൻ ജില്ല പഞ്ചായത്ത് സെക്രട്ടറി വിജയകുമാറിനെയും ഡിഡി പദ്ധതി നിർവഹണ ഓഫീസറായിരുന്ന പുഷ്പ ജോസഫിനെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.