മാലിന്യ പ്രശ്നവും പരാതി പരിഹാരവും; ഇടപെടുമെന്ന് കലക്ടർ ദേവിദാസ്
text_fieldsകൊല്ലം: ജില്ലയിലെ മാലിന്യ പ്രശ്നത്തിലും സർക്കാർ തലത്തിലെ പരാതി പരിഹാരത്തിലും സജീവമായി ഇടപെടുമെന്ന് ജില്ല കലക്ടർ എൻ. ദേവിദാസ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബ് മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലും മണ്ഡല സദസ് സംഘടിപ്പിച്ച് പരാതി പരിഹാര സംവിധാനം ഒരുക്കും. സംസ്ഥാന സർക്കാർ നിർദേശം നൽകിയതിനാൽ തന്റെ പ്രഥമ പ്രവർത്തനം ഇക്കാര്യത്തിലാകും. അതിനുള്ള പ്രാഥമിക നടപടി തുടങ്ങി. കലക്ട്രേറ്റിലെ ഐ.ടി സെൽ കൂടുതൽ പ്രവർത്തന ക്ഷമമാകും. മാലിന്യ നിർമാർജനം ഉറവിടങ്ങളിൽ തന്നെ നടക്കേണ്ടതുണ്ട്. അതിനായി ബോധവൽക്കരണ നടപടികൾ ഉണ്ടാവും. ഇക്കാര്യത്തിൽ ഭരണ സിരാകേന്ദ്രം മാതൃകയാകും. അതിനുള്ള പദ്ധതികൾ നടപ്പാക്കി തുടങ്ങി. റെയിൽവേയുടെ സ്ഥലങ്ങളിൽ മാലിന്യം കുമിഞ്ഞു കൂടുന്നത് തടയാൻ ചർച്ച നടത്തും. പാർക്കുകളും കായലും കായലോരങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വൃത്തി പ്രധാന ഘടകമാണ്. മാലിന്യം വലിച്ചെറിയുന്നത് തടയണം.
മൺട്രോ തുരുത്തിലെ ജങ്കാർ സർവിസ് നിർത്തിയതടക്കം ഗതാഗത പ്രശ്നങ്ങൾ പഠിക്കും. ബദൽ സംവിധാനങ്ങൾ ആലോചിക്കും. പ്രധാന സ്ഥലങ്ങളിൽ അടുത്തകാലത്തുണ്ടായ വെള്ളകെട്ട് ദേശീയ പാത വികസനത്തിന്റെ ഭാഗമായുണ്ടാകുന്നതാണെന്നാണ് വിലയിരുത്തൽ. അക്കാര്യം പരിശോധിക്കും. വന്യമൃഗങ്ങൾ ജനവാസമേഖലകളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാൻ വനം വകുപ്പുമായി ആലോചിച്ച് നടപടി കൈകൊള്ളും. വിളനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കും- കലക്ടർ പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി. ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനൽ ഡി. പ്രേം, ട്രഷറർ സുജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.