കൊല്ലം ബീച്ച് സുരക്ഷിത തീരമാക്കാൻ ജിയോട്യൂബ്
text_fieldsകൊല്ലം: ജിയോട്യൂബ് സാങ്കേതികവിദ്യയിലൂടെ കൊല്ലം ബീച്ചിനെ സുരക്ഷിത തീരമാക്കാനുള്ള നിർദേശവുമായി ഐ.ഐ.ടി പഠന റിേപ്പാർട്ട്. ഏഴ് വർഷങ്ങൾക്കിടയിൽ 57 ജീവനുകൾ അപഹരിച്ച കൊല്ലം ബീച്ച് സുരക്ഷിത തീരമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ആദ്യഘട്ടമായി ചെന്നൈ ഐ.ഐ.ടിയും സംസ്ഥാന തീരദേശ വികസന കോർപറേഷനും ചേർന്ന് നടത്തിയ പഠനത്തിലാണ് ജിയോട്യൂബ് സ്ഥാപിച്ചും വിസ്തൃതി വർധിപ്പിച്ചും സ്ലോപിങ് ബീച്ചാക്കി മാറ്റി നിലവിലെ അപകടസ്ഥിതി മറികടക്കാമെന്ന നിർദേശമുള്ളത്.
നിലവിൽ 800 മീറ്ററോളം വിസ്തൃതിയുള്ള ബീച്ചിന്റെ സ്വാഭാവിക സൗന്ദര്യത്തിന് കോട്ടം തട്ടാതെയും പരമ്പരാഗത മത്സ്യബന്ധനത്തിന് തടസ്സമുണ്ടാക്കാതെയും സുരക്ഷിത ടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കൊല്ലം കോർപറേഷന്റെ ധനസഹായത്തിൽ ഒരു വർഷം മുമ്പ് പഠനം ആരംഭിച്ചത്.
കോർപറേഷനിൽ മേയർ പ്രസന്ന ഏണസ്റ്റിന്റെയും തീരദേശ വികസന കോർപറേഷൻ എം.ഡി പി.ഐ. ഷെയ്ഖ് പരീതിന്റെയും സാന്നിധ്യത്തിൽ ചെന്നൈ ഐ.ഐ.ടി ഓഷ്യാനോഗ്രഫി വിഭാഗം എമിരറ്റസ് പ്രഫ. വി. സുന്ദർ ഓൺലൈനിലൂടെ പഠന റിപ്പോർട്ട് അവതരിപ്പിച്ചു.
10 കോടി രൂപയാണ് പദ്ധതി നിർവഹണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. തീരദേശ വികസന കോർപറേഷൻ തയാറാക്കുന്ന വിശദ ഡി.പി.ആർ കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകി സർക്കാറിന് സമർപ്പിച്ച് അടുത്ത ബജറ്റിൽതന്നെ ധനസഹായം നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.
അപകട മുനമ്പ്
തീരം തുടങ്ങി 10 അടി വെക്കുമ്പോഴേക്കും നാല് മീറ്ററോളം കുത്തനെ ആഴമുള്ള ബീച്ചിൽ ആളുകൾ കാൽനനക്കാൻ പോലും ഇറങ്ങരുതെന്ന് നിരന്തരം മുന്നറിയിപ്പ് നൽകുന്ന അപകടതീരമാണ്. കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ച് മാത്രം മൂന്ന് ജീവനുകളാണ് തീരത്ത് പൊലിഞ്ഞത്.
നിരവധി പേരെ തലനാരിഴക്ക് രക്ഷപ്പെടുത്തുന്ന സംഭവങ്ങളും സ്ഥിരമാണ്. ഈ സാഹചര്യത്തിന് ശാശ്വത പരിഹാരം തേടിയാണ് കൊല്ലം കോർപറേഷൻ ചെന്നൈ ഐ.ഐ.ടിയുടെയും തീരദേശ വികസന കോർപറേഷന്റെയും സഹായം തേടിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ കടലോര പദ്ധതി തയാറാക്കുന്നത്. ഐ.ഐ.ടിയിലെയും തീരദേശ വികസന കോർപറേഷനിലെയും വിദഗ്ധ സംഘം ബീച്ച് സന്ദർശിച്ച് പഠനത്തിന് തുടക്കംകുറിക്കുകയായിരുന്നു. കൊല്ലം കോർപറേഷൻ 15 ലക്ഷം രൂപ ചെലവിട്ട് നടത്തിയ ഈ പഠനവും ബീച്ചിലെ തീരശോഷണവും വൻതിരമാലകളും വരുത്തുന്ന അപകടസ്ഥിതി അടിവരയിടുന്നു.
പ്രതിവർഷം മൂന്ന് മീറ്റർ എന്ന തോതിൽ കൊല്ലം തീരത്ത് തീരശോഷണം ഉണ്ടാകുെന്നെന്നാണ് റിപ്പോർട്ടിലുള്ളത്. ആഴം, ഹാർബർ ഘടന, ടൂറിസം, മത്സ്യബന്ധനം എന്നിങ്ങനെ വിവിധ കാരണങ്ങൾകൊണ്ട് അപകടകരമായ തിരമാലയാണ് തീരത്തുള്ളതെന്നും പഠനം വ്യക്തമാക്കുന്നു.
ആശ്രയമാകും ജിയോട്യൂബ്
കൊല്ലം തീരത്ത് സുസ്ഥിരമായ സുരക്ഷ പദ്ധതി എന്നനിലയിലാണ് ജിയോട്യൂബ് പഠനറിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്. ഗ്രാവൽസ് ഇടുക, ഒറ്റ ജിയോ ട്യൂബ് ഇടുക എന്നീ മറ്റ് സാധ്യതകളും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, കൊല്ലം തീരത്തിന് ഏറ്റവും അനുയോജ്യമെന്ന് പഠനം ഉറപ്പിച്ച് പറയുന്ന മൂന്നാമത്തെ നിർദേശമായ മൂന്ന് ജിയോട്യൂബുകൾ ഇടവിട്ട് നീളത്തിൽ സ്ഥാപിക്കുക എന്നതിനൊപ്പമാണ് വിദഗ്ധർ.
തീരത്തിന്റെ വിസ്തൃതി ഒരു കിലോമീറ്റർ ആക്കിമാറ്റാനും 200 മീറ്ററോളം സുരക്ഷിത തീരം വീണ്ടെടുക്കാനും ഇതിലൂടെ കഴിയും. തീരത്ത് നിന്ന് 200 മീറ്ററോളം ഉള്ളിലായി അഞ്ച് മീറ്റർ ആഴത്തിലാണ് ഈ ജിയോട്യൂബുകൾ സ്ഥാപിക്കുക.
200 മീറ്റർ വീതം നീളമുള്ള മൂന്ന് ജിയോട്യൂബുകൾ ഒരേ നിരപ്പിൽ ഇടയിൽ 100 മീറ്റർ അകലംവിട്ട് ആകെ 800 മീറ്റർ നീളത്തിലായി സ്ഥാപിക്കുകയാണ് ചെയ്യുക. ശേഷം തീരത്തിന്റെ രണ്ട് വശത്തുമായി 20 മീറ്ററോളം വരുന്ന ചെറിയ പുലിമുട്ടുകളും സ്ഥാപിച്ച് സുരക്ഷിതമാക്കും.
ബീച്ച് വിസ്തൃതി കൂടുന്നതോടെ ആഴംകുറയുമെന്നും റിപോർട്ട് പറയുന്നു. ജിയോട്യൂബ് സ്ഥാപിക്കുന്നതിലൂടെ തീരശോഷണമില്ലാതാകുകയും ക്രമേണ മണ്ണടിഞ്ഞ് നിലവിലെ കുത്തനെയുള്ള ആഴമെന്ന സ്ഥിതിമാറി ചരിവുള്ള (സ്ലോപിങ്) തീരം രൂപപ്പെടുകയും ചെയ്യും. ഇതിലൂടെ 200 മീറ്ററോളം കടലിലേക്ക് ആളുകൾക്ക് വിശ്വസിച്ച് ഇറങ്ങാവുന്ന സുരക്ഷിത ബീച്ചാക്കി കൊല്ലം തീരത്തെ മാറ്റും.
ജിയോ ട്യൂബുകൾ താഴ്ന്ന ജലനിരപ്പിനും അടിയിലാണ് സ്ഥാപിക്കുന്നത്. ഇതിനാൽ ചെറിയ തിരമാലകൾ കടന്നുവരികയും വലിയ തിരമാലകൾ ജിയോ ട്യൂബിന്റെ പ്രതലത്തിൽ പതിച്ച് ചെറിയ തിരമാലകളായി മാറി തീരത്തെത്തുകയും ചെയ്യും. തീരത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടാതിരിക്കാനും സ്ഥായിയായി ആഴം കുറഞ്ഞഭാഗമായി നിലനിർത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.