ബിൽ കിട്ടി; കുടിവെള്ളം കിട്ടിയില്ല
text_fieldsഅഞ്ചൽ: കിട്ടാത്ത കുടിവെള്ളത്തിന് ബിൽ ലഭിച്ചതിനെതിരെ നാട്ടുകാർ. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പനച്ചവിള പ്രദേശത്തെ വീടുകളിലാണ് ഇത്തരത്തിൽ കുടിവെള്ള ബിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏകദേശം എട്ടുമാസം മുമ്പ് കുടിവെള്ളം നൽകാനായി പ്രദേശത്തെ വീടുകൾക്കു മുന്നിൽ ടാപ്പുകൾ സ്ഥാപിച്ചിരുന്നു. ഇതിലൂടെ നാളിതുവരെ ഒരുതുള്ളി വെള്ളംപോലും ലഭിച്ചിട്ടില്ല. കാരണം അന്വേഷിച്ച നാട്ടുകാരോട്, റോഡ് കുഴിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകുന്നില്ലെന്നും അനുമതി ലഭിച്ചാൽ മാത്രമേ കുടിവെള്ളം വിതരണം നടത്താൻ കഴിയുകയുള്ളൂവെന്നും ജലവിഭവ വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ, വെള്ളം നൽകാതെ എന്തിന് ബില്ല് തന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാനും അധികൃതർ തയാറാകുന്നില്ല. വാട്ടർ അതോറിറ്റി ഓഫിസിലെത്തി അപേക്ഷ നൽകിയാൽ ബിൽ ഒഴിവാക്കിതരാമെന്ന് അധികൃതർ അറിയിച്ചതനുസരിച്ച് പലരും വാളകത്തെ വാട്ടർ അതോറിറ്റി ഓഫിസിലെത്തി പരാതി നൽകിയെങ്കിലും ഇവർക്ക് വീണ്ടും ബിൽ വന്നിരിക്കുകയാണ്.
എട്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഉപയോഗിക്കാത്ത വെള്ളത്തിന് ബിൽ ലഭിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ പക്കൽനിന്ന് ആവശ്യമായ രേഖകൾ നേരത്തെ തന്നെ വാട്ടർ അതോറിറ്റി അധികൃതർ കൈക്കലാക്കിയിരുന്നു.
ഈ രേഖകൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കരാറുകാരന്റെ ബില്ലുകൾ മാറുന്നതിന് സഹായകമായിട്ടാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബി.പി.എൽകാർക്ക് കുടിവെള്ളം സൗജന്യമായിരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നതാണ്.
എന്നാൽ, ബി.പി.എൽ വിഭാഗക്കാരുടെ വീടുകളിലും ബില്ലുകൾ എത്തിയിരിക്കുകയാണ്. നൽകാത്ത കുടിവെള്ളത്തിന് ബിൽ നൽകിയ നടപടി ന്യായീകരിക്കാൻ കഴിയില്ലെന്നും നൽകിയ ബില്ലുകൾ തിരുച്ചുവാങ്ങാൻ നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.