അരിക്ക് ജി.എസ്.ടി: വിൽപന കുറഞ്ഞു
text_fieldsകൊല്ലം: 25 കിലോവരെയുള്ള പാക്ക് ചെയ്ത അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയത് പ്രാബല്യത്തിലായതോടെ ആ വിഭാഗത്തിലെ അരി വിൽപന കുറഞ്ഞതായി വ്യാപാരികൾ. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന പുതിയ നികുതി കാരണം മൊത്തവ്യാപാര വിപണിയിൽതന്നെ അരി വിലയിൽ കിലോക്ക് രണ്ട് രൂപയിലധികമാണ് വ്യത്യാസം വരുന്നത്.
10 കിലോ പാക്ക് വാങ്ങാൻ ഇനി 20-30 രൂപയോളം അധികം നൽകണം. നികുതി പരിഷ്കരണത്തിന്‍റെ പൂർണചിത്രം വ്യക്തമായതോടെ കൊല്ലത്തെ മൊത്തവ്യാപാര വിപണിയിൽ കഴിഞ്ഞ ദിവസം 25 കിലോക്ക് താഴെയുള്ള പാക്കറ്റ് അരിയുടെ വിൽപനയാണ് വ്യാപകമായി കുറഞ്ഞത്. നേരത്തേ എത്തിച്ചിരിക്കുന്ന സ്റ്റോക്കിൽ നികുതി ഉൾപ്പെടുത്താത്ത വിലയാണുള്ളത്. ഇത് റീട്ടെയ്ൽ വിപണിയിൽ വിൽക്കുമ്പോൾ വിലയിലുള്ള ആശയക്കുഴപ്പവും കൂടിയ വിലയിൽ വാങ്ങാൻ ആളുകൾ ഉണ്ടാകുമോ എന്ന സംശയവും ലാഭം ഒട്ടും ഉണ്ടാകില്ലെന്ന സ്ഥിതിയുമാണ് ചെറുകിട വ്യാപാരികളെ അകറ്റുന്നത്.
അരി മില്ലുകൾ ഓണവിപണി ഉൾപ്പെടെ ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് പാക്കറ്റുകളാണ് നിലവിലെ വില വ്യവസ്ഥ അനുസരിച്ച് പ്രിന്‍റ് ചെയ്ത് വെച്ചിട്ടുള്ളത്.
ഇനി ജി.എസ്.ടി അനുസരിച്ചുള്ള പുതിയ വില പ്രിന്‍റ് ചെയ്ത് പാക്കറ്റുകൾ ഇറക്കുന്നത് മില്ലുകാർക്കും വലിയ ബാധ്യതയാണ് വരുത്തുക. നിത്യോപയോഗത്തിൽ ഏറ്റവും അവശ്യവസ്തുവായ അരിക്ക് നികുതി കൂട്ടിയത് വ്യാപാരികളെയും അമ്പരപ്പിച്ചിരിക്കുകയാണ്.
സാധാരണക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന ചെറിയ പാക്കറ്റ് അരിയിൽതന്നെ നികുതി വർധിപ്പിച്ച് ഉപഭോക്താക്കൾക്കും തങ്ങൾക്കും ഒരുപോലെ ഇരുട്ടടി നൽകിയിരിക്കുകയാണ് സർക്കാറെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.