ഒന്നരക്കോടിയുടെ സ്വർണാഭരണങ്ങൾ ജി.എസ്.ടി സ്ക്വാഡ് പിടികൂടി
text_fieldsകൊല്ലം: ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന മൂന്ന് കിലോ 160 ഗ്രാം സ്വർണാഭരണങ്ങളും ഉരുക്കിയ സ്വർണവും കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈൽ സ്ക്വാഡ് പിടികൂടി. ഒന്നരക്കോടി വില വരുന്ന സ്വർണം മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് പിടികൂടിയത്.
തൃശൂരിൽനിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിൽപനക്കായി കൊണ്ടുവന്ന 55 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ 120 ഗ്രാം സ്വർണാഭരണങ്ങൾ ചവറയിൽ നിന്നും വാഹന പരിശോധനക്കിടയിലും കൊല്ലം ചിന്നക്കടയിലും പരിസരപ്രദേശങ്ങളിലും നടത്തിയ നിരീക്ഷണത്തിൽ മധുരയിൽ നിന്നും കൊല്ലത്ത് വിൽപനക്കായി കൊണ്ടുവന്ന 42 ലക്ഷം രൂപ വിലവരുന്ന 830 ഗ്രാം ഉരുക്കിയ സ്വർണം മധുര സ്വദേശിയിൽ നിന്നും കരുനാഗപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനക്കിടെ തൃശൂരിൽ നിന്നും കാറിൽ കൊണ്ടുവന്ന 56 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ 210 ഗ്രാം സ്വർണാഭരണങ്ങളുമാണ്പിടികൂടിയത്.
പിഴ, നികുതി ഇനങ്ങളിലായി ഏഴര ലക്ഷം രൂപ ഈടാക്കി. സ്റ്റേറ്റ് ടാക്സ് ഓഫിസർ (ഇൻറലിജൻസ്) എസ്. രാജീവിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ അസി. ടാക്സ് ഓഫിസർമാരായ ബി. രാജേഷ്, ബി. രാജീവ്, ടി. രതീഷ്, സോനാജി, ഷൈല, പി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
ഈ സാമ്പത്തികവർഷം 19 വിവിധ കേസുകളിലായി കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഓച്ചിറ, കുണ്ടറ, പാരിപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 10 കോടി രൂപ വിലവരുന്ന 20 കിലോ 500 ഗ്രാം സ്വർണാഭരണങ്ങളും ഉരുക്കിയ സ്വർണവുമാണ് പിടികൂടിയത്. പിഴ, നികുതി, ഫൈൻ ഇനങ്ങളിലായി ഒന്നേകാൽ കോടി രൂപ ഈടാക്കി.
കഴിഞ്ഞ വർഷം 4.500 കോടി രൂപ പിഴ, പിഴ, നികുതി ഇനങ്ങളിൽ പിടികൂടി ഈടാക്കിയിരുന്നു. അതിൽ രേഖകളുമില്ലാതെ കാറിൽ കടത്തിയ രണ്ടേകാൽ കിലോ സ്വർണാഭരണങ്ങളും രണ്ട് കാറുകളും നികുതിയുടെ പിഴയും ഫൈനും അടക്കാത്തതിനാൽ സർക്കാറിലേക്ക് കണ്ടുകെട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.