എച്ച്1 എൻ1: ജാഗ്രത വേണം
text_fieldsകൊല്ലം: ഇന്‍ഫ്ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന എച്ച്1എൻ1 ബാധ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. രോഗബാധയുള്ളവര്‍ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങള്‍ പുരളാനിടയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരാനിടയുണ്ട്. പനി, തുമ്മല്‍, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛര്‍ദ്ദി എന്നിവ ലക്ഷണങ്ങളാണ്.
രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സ തേടണം. എച്ച്1എൻ1 പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനയും ചികിത്സയും ലഭ്യമാണ്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ഗര്‍ഭിണികള്‍ക്ക് രോഗബാധയുണ്ടായാല്‍ രോഗം ഗുരുതരമാകാനും മരണകാരണമാകാനും സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണികള്‍ ജലദോഷം പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പോലും ചികിത്സ തേടണം. ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, കിഡ്നി രോഗങ്ങള്‍, നാഡീ സംബന്ധമായ രോഗങ്ങള്‍, രക്താതിമര്‍ദ്ദം പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങള്‍, സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍, പ്രതിരോധ ശക്തി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, കുഞ്ഞുങ്ങള്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.
രോഗലക്ഷണങ്ങളുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനിനീരീക്ഷണം ശക്തമാക്കാനും എച്ച്1 എൻ1 ചികിത്സ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഉള്‍പ്പെടെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രോഗബാധിതര്‍ ശ്രദ്ധിക്കുക
- നിര്‍ബന്ധമായും മാസ്ക് ധരിക്കണം. മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കണം. പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം
- പനിയുള്ളപ്പോള്‍ കുഞ്ഞുങ്ങളെ സ്കൂള്‍/അംഗൻവാടികള്‍/ ക്രഷ് എന്നിവിടങ്ങളില്‍ വിടരുത്
- രോഗമുള്ളവര്‍ നന്നായി വിശ്രമിക്കണം. കഞ്ഞിവെള്ളം, തിളപ്പിച്ചാറിയ വെള്ളം തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും വേണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം
- പൊതുയിടങ്ങളില്‍ തുപ്പരുത്. മൂക്കു ചീറ്റിയ ശേഷം ഉടനെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം
- തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്ക് മാറ്റരുത്
ചുമയ്ക്കുമ്പോള്‍ പാലിക്കേണ്ട ശീലങ്ങള്‍
- രോഗബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറന്തള്ളുന്ന ശ്വസന കണികകളിലൂടെയാണ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പ്രധാനമായും പകരുന്നത്. അതിനാല്‍ ചുമയ്ക്കുമ്പോള്‍ തൂവാല/ടിഷ്യു ഉപയോഗിച്ച് മൂക്കും വായും മറയ്ക്കണം.
- കൈകളില്‍ മുഖം അമര്‍ത്തി ചുമയ്ക്കരുത്. ഉപയോഗിച്ച ടിഷ്യൂ വലിച്ചെറിയാതെ അടപ്പുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കണം.
- ചുമച്ച ശേഷം കുറഞ്ഞത് 20 സെക്കന്‍ഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകണം. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ എന്നിവയില്‍ സ്പര്‍ശിക്കരുത്.
- പൊതുസ്ഥലങ്ങളിലും ആശുപത്രിസന്ദര്ശന വേളകളിലും മാസ്ക് ഉപയോഗിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.