ഫ്ലാറ്റുകൾ കൈമാറുന്നത് വൈകുന്നു; സ്ത്രീകളടക്കമുള്ളവർ കോർപറേഷൻ കൗൺസിൽ ഹാൾ ഉപരോധിച്ചു
text_fieldsകൊല്ലം: നഗരമധ്യത്തിൽ എസ്.എം.പി പാലസ് കോളനിയിൽ കേന്ദ്രാവിഷ്കൃത ഭവന പദ്ധതിയായ രാജീവ് ആവാസ് യോജന പ്രകാരം നിർമിച്ച ഫ്ലാറ്റുകൾ കൈമാറാത്തതിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ കോർപറേഷൻ കൗൺസിൽ ഹാൾ ഉപരോധിച്ചു.
ബുധനാഴ്ച രാവിലെ കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധ ബാനറുമായി കോർപറേഷൻ ഓഫിസിലെത്തിയ സമരക്കാർ ഹാളിന്റെ പ്രധാന വാതിൽ ഉപരോധിക്കുകയായിരുന്നു. ഡിസംബറിനകം പണി പൂർത്തീകരിച്ച് കൈമാറാമെന്ന ഉറപ്പിലാണ് ഒടുവിൽ സമരം അവസാനിപ്പിച്ചത്.
കൗൺസിൽ ഹാളിലേക്ക് മേയറെയും കൗൺസിലർമാരെയുമടക്കം പ്രവേശിക്കാതെ പ്രതിഷേധം അറിയിക്കാനായിരുന്നു സമരക്കാരുടെ തീരുമാനം. സമരക്കാർ എത്തുന്നതിന് മുമ്പ് കൗൺസിൽ ഹാളിൽ ആരംഭിച്ച നഗരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട യോഗത്തിൽ മേയറടക്കം പങ്കെടുത്തത്തിനാൽ ഇവരെ തടയാനായില്ല.
വൈകിയെത്തിയ ഏതാനും കൗൺസിലർമാർ പ്രധാന വാതിൽവഴി കൗൺസിൽ ഹാളിലേക്ക് കടക്കുന്നത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തടഞ്ഞു. ഒടുവിൽ മേയറുടെ ചേംബർ വഴിയുള്ള വാതിൽ വഴിയാണ് കൗൺസിലർമാരും മാധ്യമപ്രവർത്തകരുമടക്കം കൗൺസിൽ ഹാളിലേക്ക് എത്തിയത്.
എസ്.എം.പി പാലസ് കോളനിയിൽ താമസിച്ചിരുന്ന കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി എന്ന നിലയിൽ നിർമിച്ച ഫ്ലാറ്റ് പൂർത്തീകരിച്ച് 48 കുടുംബങ്ങൾക്കാണ് കൈമാറാനുള്ളത്. സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന ഇവർ നഗരത്തിൽ പലഭാഗങ്ങളിലായി വാടകക്ക് താമസിക്കുകയാണ്.
വാടക നൽകാൻ പണമില്ലാതെ വിഷമിക്കുന്നവരുമുണ്ട്. പണി പൂർത്തീകരിച്ച് കൈമാറണമെന്ന ആഭ്യർഥനയുമായി നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഫലുമുണ്ടായിട്ടില്ല. പണിതീർത്ത് കൈമാറിയവതന്നെ താമസയോഗ്യമല്ലാത്ത സാഹചര്യത്തിലാണ്. മാലിന്യനിർമാർജനമടക്കമുള്ള പ്രശ്നങ്ങൾ ഇവിടെയുണ്ട്. പണിപൂർത്തിയാകാത്ത ഫ്ലാറ്റ് പരിസരം സാമൂഹിക വിരുദ്ധർ കൈയടക്കുന്ന സ്ഥിതിയുമുണ്ട്.
ഈ സാഹചര്യത്തിലാണ് കുടുംബങ്ങൾ കോർപറേഷൻ ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയത്. പണി പൂർത്തിയാക്കി ഡിസംബറോടെ കുടുംബങ്ങൾക്ക് നൽകുമെന്ന് മേയർ പ്രസന്ന ഏണസ്റ്റും ഡെപ്യൂട്ടി മേയർ കൊല്ലം മധുവും കൗൺസിൽ യോഗത്തിൽ അറിയിച്ചു.
എല്ലാ പണികളും പൂർത്തിയാക്കി താമസയോഗ്യമാക്കിയശേഷം കൈമാറണമെന്ന് നിശ്ചയിച്ചതിനാലാണ് കാലതാമസമുണ്ടായതെന്ന് മരാമത്തുകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. ഉദയകുമാറും പൊതുചർച്ചയിൽ വിശദീകരിച്ചു. സെപ്റ്റിക് ടാങ്ക്, വൈദ്യുതീകരണ ജോലികൾ തുടങ്ങിയവ പൂർത്തീകരിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.